image: Facebook
'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ദുബായിൽ നടക്കുന്ന അവാർഡ് നിശയിൽ പങ്കെടുക്കാൻ വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന സൗബിന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
ഷോ നഷ്ടമാകും
മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ സൗബിൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ഈ കേസ് സെപ്റ്റംബർ എട്ടിനാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുക. എന്നാൽ, ദുബായിലെ അവാർഡ് ഷോ ആറ് മുതൽ എട്ട് വരെയാണ് നടക്കുന്നത്. അതിനാൽ, വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കാത്തത് സൗബിനും കൂട്ടർക്കും ഈ ഷോയിൽ പങ്കെടുക്കുന്നതിന് തടസ്സമാകും.
പ്രോസിക്യൂഷൻ വാദങ്ങൾ
വിദേശയാത്രയ്ക്ക് അനുമതി നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ദുബായിലാണെന്നും, സൗബിൻ അവിടെ പോയാൽ സാക്ഷിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് ദുബായിൽ നിന്ന് ലഭിച്ച കളക്ഷനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ സൗബിൻ നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു. ഈ വാദങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി വിഷയത്തിൽ ഇപ്പോൾ ഇടപെടാൻ തയ്യാറാകാതിരുന്നത്.