പന്ത്രണ്ടാം ക്ലാസ് തുല്യത പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഇരുപത്തി അഞ്ചുകാരി. ഒറ്റപ്പാലം ലക്കിടി കല്ല്യഹൗസിൽ സൂര്യകലയാണ് സ്വപ്ന നേട്ടം കൈവരിച്ചത്. സമ്പൂർണ എ പ്ലസ് നേടിയ പാലക്കാട് ജില്ലയിലെ ഏക പഠിതാവാണ്.
ആഗ്രഹത്തിനൊപ്പം പരിശ്രമം കൂടിയായാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് സൂര്യകല. ഒറ്റപ്പാലം നഗരസഭ തുടർവിദ്യാകേന്ദ്രത്തിലാണ് ഹുമാനിറ്റീസില്‍ സൂര്യ പഠിച്ച് പരീക്ഷയെഴുതിയത്. രണ്ട് വർഷം മുമ്പ് പത്താം തരവും തുല്യത പരീക്ഷയിലൂടെയാണ് വിജയിച്ചത്. ഇതിൽ എട്ട് എ പ്ലസും ഒരു എയുമുണ്ടായിരുന്നു.
പിന്നാലെ പോസ്റ്റ് ഓഫീസ് ജോലിയിൽ പ്രവേശിച്ച സൂര്യ മാങ്കുറുശ്ശി അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററാണ്. എട്ടാം ക്ലാസിൽ പഠനം നിർത്തിയ സൂര്യ വിദ്യാഭ്യാസം നാല് ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെടരുതെന്നാഗ്രഹിച്ച് നെൽ കൃഷി, കുട്ട നെയ്ത്ത്, കന്നുകാലി വളർത്തൽ, ഭവന നിർമാണം ഉൾപ്പെടെ അഭ്യസിച്ച് ബദൽ വിദ്യാഭ്യാസത്തിലേക്കു തിരിഞ്ഞു. ഔദ്യോഗിക മേഖലയിലേക്ക് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതോടെയാണ് വീണ്ടും പഠനരംഗത്തേക്കെത്തിയത്.
ഇന്റീരിയർ ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് എന്നിവ സ്വന്തമായി പഠിച്ചു. ചാനലില്‍ വീഡിയോ എഡിറ്ററായി. ഒറ്റപ്പാലത്തെ ടെക്നിക്കൽ ആൻഡ് സോഫ്റ്റ് വെയർ പരിശീലന കേന്ദ്രത്തിലെ അക്കാദമിക് ഹെഡായും പ്രവര്‍ത്തിച്ചു. ഒറ്റപ്പാലം നഗരസഭ സാക്ഷരതാ മിഷൻ നോഡൽ പ്രേരക് സി.അരുണ പത്താം തരം തുല്യതാ സെന്റർ കോ-ഓർഡിനേറ്റർ എം. പി സുബിത എന്നിവരുടെ സഹായമാണ് സൂര്യയെ മികച്ച വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഇതേ മട്ടില്‍ ബിരുദധാരിയാവണമെന്നാണ് ആഗ്രഹം.