Image Credit; Instagram
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ, സാബുമോനൊപ്പമുള്ള ചിത്രം
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മഞ്ജുപിളള. ‘‘കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. സ്നേഹം മാത്രം. പ്രിയ സാബുമോൻ’’–മഞ്ജു പിള്ള ചിത്രത്തിന് താഴെ കുറിച്ചു.
തന്റെയും നടന്‍ സാബുമോന്റെയും പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് നടി മഞ്ജു പിള്ള മനോരമ ന്യൂസിനോട് നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. മഴവില്‍ മനോരമയിലെ ‘ഒരുചിരി ബംപര്‍ ചിരി’ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥയാണ് വ്യാജഭാഷ്യം ചമച്ച് പ്രചരിക്കുന്നത്. സാബുമോന്‍ രാത്രി കതകില്‍ തട്ടിയെന്നാണ് സൈബറിടത്ത് പ്രചാരണം.രാത്രി വിശക്കുമ്പോള്‍ കതകില്‍ തട്ടി വിളിച്ചുണര്‍ത്തി കഴിക്കാന്‍ കൊണ്ടുപോകുന്ന പതിവുണ്ട് സാബുമോന്. ഇക്കാര്യം തമാശയായി പലയിടത്തും പറഞ്ഞിരുന്നു. സാബുമോന്‍ തനിക്ക് സഹോദരനെ പോലെയെന്നും മഞ്ജു പിള്ള പറഞ്ഞു.
നൈറ്റ് ലൈഫ് ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സാബു മോൻ. പലപ്പോഴും ഇവൻ രാത്രി വിളിച്ച് എഴുന്നേല്പിച്ച് ഭക്ഷണം കഴിക്കാൻ കൊണ്ടുപോകും. എനിക്ക് രാത്രി ഉറങ്ങണം. അതുകൊണ്ട് ഒരുദിവസം റിസപ്ഷനിൽ ഞാൻ വിളിച്ച് എന്റെ റൂം നമ്പർ സാബുവിനോട് പറയല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ഞാൻ റൂം നമ്പർ മാറിക്കൊടുത്ത് വേറേ ഒരാളുടെ റൂമിൽ തട്ടി അവർ തെറി പറഞ്ഞുവെന്ന സംഭവം തമാശയായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് ഷോയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത് വെച്ചാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.