shwetha-menon-sabumon

TOPICS COVERED

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പേരില്‍ ഇന്നലെയാണ് നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരമാണ് സെൻട്രൽ പൊലീസിന്‍റെ നടപടി. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയിലുള്ളത്. ശ്വേത മേനോന്‍ അമ്മ പ്രസിഡന്‍റാകാന്‍ സാധ്യത വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ കേസ്. ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

അതേസമയം, ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ സാബുമോന്‍ അബ്ദുസമദ്. ശ്വേതയ്ക്കെതിരെയുള്ളത് വ്യാജ ആരോപണം ആണെന്നത് പകൽ പോലെ വ്യക്തമാണെന്നും സംഭവത്തില്‍ മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശ്ശബ്ദതയാണ് ഉള്ളതെന്നും സാബുമോന്‍ വിമര്‍ശിക്കുന്നു. ഭീകരമായ അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവർത്തക കടന്നുപോകുന്നതെന്നും ഇത് മനസിലാക്കാന്‍ അൽപ്പം മാനുഷിക പരിഗണയുണ്ടായാൽ മതിയെന്നും സാബുമോന്‍ എഴുതി. 

'സോഷ്യൽ മീഡിയകളിൽ ഉള്ള സാധാരണ മനുഷ്യർ പോലും അവർക്കായി സംസാരിക്കുമ്പോൾ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവർ ബാക്കി ഉണ്ടെങ്കിൽ, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളിൽ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേർത്തുപിടിക്കണം' എന്നാണ് സാബുമോന്‍റെ കുറിപ്പിലുള്ളത്. നിശബ്ദതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാൻ നാളെ നീ... എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 

കുറിപ്പിന്‍റെ പൂര്‍ണ രൂപം, 

ഇന്നു ഞാൻ നാളെ നീ...

ഇന്ന് ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു, ശ്വേത മേനോന്റെ പേരിൽ oru FIR ഫയൽ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകൾ ആണു ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഒരു സ്വകാര്യ വ്യക്തി സമർപ്പിച്ച പെറ്റീഷന്റെ പിന്നാലെയാണ് ഈ ഉത്തരവ്. 

കോടതിയിൽ കൊടുത്ത പെറ്റീഷൻ ഞാൻ വായിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ഉള്ള സെക്സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനിൽ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവൻ ചരിത്രവും ഞാൻ പരിശോധിച്ചു. ഇതു ഒരു വ്യാജ ആരോപണം ആണെന്നത് പകൽ പോലെ വ്യക്തം.

എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശ്ശബ്ദത ആണു! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനു എതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവർത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണയുണ്ടായാൽ മതി. സോഷ്യൽ മീഡിയകളിൽ ഉള്ള സാധാരണ മനുഷ്യർ പോലും അവർക്കായി സംസാരിക്കുമ്പോൾ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല. 

അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനും അപ്പുറം സിനിമ പ്രവർത്തകരും സാധാരണ മനുഷ്യർ ആണു. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവർ ബാക്കി ഉണ്ടെങ്കിൽ, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളിൽ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേർത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ

നിശ്ശബ്ദതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാൻ നാളെ നീ...

ENGLISH SUMMARY:

Shweta Menon faces fake allegations, according to Sabumon Abdusamad, who criticizes the Malayalam film industry's silence. The actress is allegedly accused of involvement in objectionable content, leading to a police case and industry backlash.