പിതാവ് നഷ്ടപ്പെട്ട, രോഗബാധിതയായ മാതാവിനും സഹോദരനും ഏക ആശ്രയമായ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി. അവന്‍റെ ജീവിതലക്ഷ്യം കേട്ട് ഷെഫ് പിള്ള നേരിട്ട് ആ വീട്ടിലെത്തി, സഹായം വാഗ്ദാനം ചെയ്തു. ഒരു കുടുംബത്തിന്‍റെ അത്താണിയായ ആ കൊച്ചുപയ്യന്‍ ഇന്ന് അവന്‍റെ സ്വപ്നം കയ്യെത്തി പിടിക്കുകയാണ്. നിഖിൽ ഉയർന്ന റാങ്കോട് കുടി കോവളത്തെ ഐഎച്ച്എം–ല്‍ നാലു വർഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സിന് പ്രവേശനം നേടിയ സന്തോഷവാര്‍ത്തയാണ് ഷെഫ് പിള്ള പങ്കുവച്ചിരിക്കുന്നത്.
ഓട്ടിസം ബാധിതനായ സഹോദരന്റെയും പാർക്കിൻസൺസ് ബാധിച്ച മാതാവിന്റെയും ഏക ആശ്രയമാണ് നിഖിൽ. ഒരു ഷെഫ് ആകുകയാണ് തന്‍റെ ജീവിതലക്ഷ്യമെന്ന നിഖിലിന്‍റെ വാക്കുകള്‍ കേട്ട് ഷെഫ് പിള്ള സഹായവും സമ്മാനങ്ങളുമായി തേടിയെത്തി. ആഗ്രഹപൂർത്തീകരണത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പും കൊടുത്തു. അടുക്കളയിലേക്കു വേണ്ട പാത്രങ്ങളും ഏതൊരു ഷെഫിന്റെയും സ്വപ്നമായ വിക്ടോറിയോണിക്‌സിന്റെ കത്തികളുമായിരുന്നു ഷെഫ് പിള്ള നിഖിലിന് അന്ന് നല്‍കിയ സമ്മാനം. സ്വന്തം സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്തായിരുന്നു മടക്കം.
ഇന്ന് മുതൽ ക്ലാസ് തുടങ്ങുകയാണ്. നിഖിലിനും കുടുംബത്തിനും ആശംസകൾ എന്നാണ് ഷെഫ് പിള്ള തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിഖിലിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
ഒരു ഷെഫ് ആകണം എന്ന് ആഗ്രഹിച്ച തിരുവനന്തപുരത്തെ നിഖിലിനെ ഓർമ്മയില്ലേ..?പ്ലസ് ടു വിജയിച്ച് എൻട്രസ്സിന് പരിശീലിക്കാൻ ഉപദേശിച്ചിരുന്നു..നിഖിൽ ഉയർന്ന റാങ്കോട് കുടി കോവളത്തെ IHM ൽ നാലു വർഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സിന് പ്രവേശനം നേടി...! ഡിസംബറിൽ തിരുവനന്തപുരത്തു തുടങ്ങുന്ന RCP യിൽ നിഖിലിന് ശമ്പളത്തോടുകൂടിയ ട്രെയിനിങ്ങും ഇതിനോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്..ഇന്ന് മുതൽ ക്‌ളാസ്സ് തുടങ്ങുകയാണ്...നിഖിലിനും കുടുംബത്തിനും ആശംസകൾ... നിങ്ങളുടെ അനുഗ്രഹങ്ങൾ കുടി വേണം.