kollam-death

ഒന്നരമാസം മുമ്പ് ജോലിക്ക് പോയ സാജൻ ജോർജും , മകളെ നഴ്സിങ് പഠിപ്പിക്കാൻ അടുത്തമാസം നാട്ടിൽ വരാനിരുന്ന ലൂക്കോസും, ശൂരനാട് വടക്ക് സ്വദേശി ഷെമീറിനെയുമാണ് കൊല്ലത്തിന് നഷ്ടമായത്. മൃതദേഹം നാട്ടിലെത്തിക്കുമ്പോഴേക്കും മൂന്നുപേർക്കും വിട ചൊല്ലാൻ ജന്മനാടുകളില്‍ ക്രമീകരണം തുടരുകയാണ്.

എംടെക് ബിരുദദാരിയായ സാജന്‍ ജോര്‍ജ് ഒട്ടേറെ സ്വപ്നങ്ങളുമായാണ് ഒന്നരമാസം മുന്‍പ് വിമാനം കയറിയത്. മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു ലഭിച്ച ആദ്യ ശമ്പളം മകന്‍ കഴിഞ്ഞ അഞ്ചിന് അയച്ചു തന്നിരുന്നതായി പിതാവ് ജോര്‍ജ് പോത്തന്‍ പറയുന്നു. മകന്റെ വേര്‍പാട് ഇന്ന് രാവിലെയാണ് അമ്മ വല്‍സമ്മയെ അറിയിച്ചത്. 

      

വെളിച്ചിക്കാല വടകോട്ടു വിളയില്‍ 48 വയസുളള ലൂക്കോസിന്റെ മരണവും നടുക്കമായി. പതിനെട്ടുവര്‍ഷം വിദേശത്തായിരുന്ന ലൂക്കോസ് എന്‍ബിടിസി കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്യുകയായിരുന്നു. പ്ളസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ മൂത്തമകള്‍ ലിഡിയയെ ബെംഗളുരുവില്‍ നഴ്സിങ് കോളജില്‍ ചേര്‍ക്കാന്‍ വേണ്ടി ലൂക്കോസ് അടുത്തമാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു.

സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്രവാസം തിരഞ്ഞെടുത്ത ശുരനാട് വടക്ക് വയ്യാങ്കര സ്വദേശി ഷെമീറിന്റെ മരണവും തീരാദുഖമായി. അഞ്ചുവര്‍ഷം മുന്‍പാണ് ഷെമീര്‍ ഡ്രൈവറായി എന്‍ബിടിസി കമ്പനിയില്‍ ജോലിക്ക് കയറിയത്.

ENGLISH SUMMARY:

Sajan George, who had taken leave from work a month ago, and Lukose, who was due to return to India next month , along with Shemeer, a Soornadu native, are among those lost to tragedy. As their bodies arrive in their hometowns, preparations are underway for the final rites for all three.