കുവൈത്തിലെ അൽ മൻഗഫിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്ത കേസിൽ പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിന തടവ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2024 ജൂൺ 12ന് പുലർച്ചെയാണ് മൻഗഫിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ദുരന്തത്തിൽ 45 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. 24 പേർ മലയാളികളായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരായിരുന്നു മരിച്ചവരെല്ലാം. കേസില്‍ മനഃപൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവ് വിധിച്ച കോടതി, തെറ്റായ സാക്ഷിമൊഴി നൽകിയ രണ്ട് പ്രതികൾക്ക് ഒരു വർഷം വീതം തടവും വിധിച്ചു.
മുൻസിഫ് അദാലത്ത് ജഡ്ജി അൻവർ ബസ്തികിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒരാളെ ഒളിപ്പിച്ചതിന് നാല് പ്രതികൾക്ക് ഓരോ വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. നേരത്തെ, നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ തീപിടിത്തം യാദൃശ്ചികമാണെന്നും ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു പ്രൊസിക്യൂഷന്‍റെ കണ്ടെത്തല്‍. കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് ഇന്ത്യക്കാരെയും ഒരു കുവൈത്ത്പൗരനെയും നാല് ഈജിപ്തുകാരെയും വിട്ടയച്ചിരുന്നു.