കൈവിരലുകൾ മാത്രം ഉപയോഗിച്ച് മേളവിസ്മയം തീർക്കുന്നവരെ കണ്ടിട്ടുണ്ടോ. എന്നാൽ, അങ്ങിനെ ഒരാൾ കാസർകോട് ഉണ്ട്. മുളിയാർ സ്വദേശി മണികണ്ഠ. ഏത് പാട്ടും നിമിഷനേരം കൊണ്ട് മണികണ്ഠ ഫിംഗർ ഡ്രമ്മിലൂടെ അവതരിപ്പിക്കും.
വ്യത്യസ്തതരം വാദ്യോപകരണങ്ങൾ കൊണ്ട് വാദ്യമേളമൊരുക്കുന്ന പലരുമുണ്ട്. എന്നാൽ മണി ആളല്പം വ്യത്യസ്തനാണ്. കൈവിരലുകളാണ് മണിയുടെ വാദ്യോപകരണം. ഇരുകൈയുടെയും വിരലുകൾ പ്രത്യേക രീതിയിൽ അതിവേഗം ചലിപ്പിച്ചാണ് ഫിംഗർ ഡ്രം മേളമൊരുക്കുന്നത്
ചെറുപ്പം മുതലേ പാട്ട് കേൾക്കുമ്പോൾ വിരലുകൾ കൊണ്ട് താളം പിടിച്ചിരുന്നു. കോവിഡ് കാലത്താണ് ഫിംഗർ ഡ്രമ്മിങ്ങ് പഠിച്ചത്. തുടക്കത്തിൽ വീട്ടുകാരും നാട്ടുകാരും അതിനെ കളിയായി എടുത്തു. എന്നാൽ, തന്റെ കഴിവിനെ അങ്ങനെ തള്ളി കളയാൻ മണികണ്ഠ തയ്യാറല്ലായിരുന്നു.
ഫിംഗർ ഡ്രമ്മിങ്ങിൽ തനത് സംഗീതം ഒരുക്കണമെന്നാണ് മണികണ്ഠ ആഗ്രഹം. കാസർകോട് കേന്ദ്ര സർവകലാശാലയിലെ രണ്ടാം വർഷ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്. പാട്ടുകൾക്ക് താളം പിടിച്ചുള്ള മണിയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.