ഇഡിയുടെ രാഷ്ട്രീയ ഇടപെടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുകയാണെന്നും ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഈ വിഷയത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ജയിലിൽ കിടന്നും പോരാടിയ പ്രസ്ഥാനം ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അതേസമയം, ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് തുടർനടപടികൾ വിജിലൻസിന് വിടുന്നതിൽ സംസ്ഥാന സർക്കാർ ഇന്ന് നിർണായക തീരുമാനമെടുത്തേക്കും.
ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്. ഇഡി നീക്കങ്ങളെ രാഷ്ട്രീയമായി കണ്ട് പ്രതിരോധിക്കാനും ആവശ്യമെങ്കിൽ ശക്തമായ സമരരംഗത്തേക്ക് ഇറങ്ങാനുമാണ് സിപിഎമ്മിന്റെ തീരുമാനം.