shafi-unnithan
  • കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ നടത്തിയ രൂക്ഷവിമർശനത്തിന്‍റെ യഥാര്‍ഥ കാരണം എന്ത്? കാസർകോട്ടെ ഗവൺമെന്റ് പ്ലീഡർ നിയമന തർക്കത്തിനപ്പുറം, കെ.സി - വി.ഡി. സതീശൻ പക്ഷങ്ങൾ തമ്മിലുള്ള അധികാര വടംവലിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സൂചന ശക്തമാകുന്നു. ഉണ്ണിത്താന്റെ വ്യക്തിപരമായ അധിക്ഷേപങ്ങളെ തള്ളിപ്പറയാൻ മുതിർന്ന നേതാക്കൾ തയ്യാറാകാത്തതും ചാണ്ടി ഉമ്മന്റെ പരോക്ഷ വിമർശനവും പാർട്ടിയിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമാക്കിക്കഴിഞ്ഞു.

മന്ത്രിസഭാ യോഗത്തിലും സെക്രട്ടേറിയറ്റിലുമായി ഒറ്റയ്ക്കും തെറ്റയ്ക്കും പൊട്ടിയിരുന്ന കോണ്‍ഗ്രസിലെ ഭിന്നതയില്‍ മാലപ്പടക്കം കെട്ടിവച്ച് തീകൊളുത്തിയിരിക്കുകയാണ് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട്ടെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ യൂത്ത് കോണ്‍ഗ്രസുമായുണ്ടായ കൊമ്പുകോര്‍ക്കലിന്റ തുടര്‍ച്ചയാണ് ഷാഫി പറമ്പിലിനെതിരായ ഉണ്ണിത്താന്റ കടന്നാക്രമണമെന്ന്  പൂര്‍ണമായും വിശ്വസിക്കാനാകില്ല. ഉണ്ണിത്താന്റ മകന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസിലെ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണം ഉണ്ണിത്താനെ പ്രകോപിപ്പിച്ചിരുന്നു.

ഇങ്ങോട്ട് ചൊറിഞ്ഞാല്‍ അങ്ങോട്ട് കേറി മാന്തുന്ന സ്വഭാവമുള്ള  ഉണ്ണിത്താന്‍ ഷാഫിയെ കടന്നാക്രമിച്ചതിന് പിന്നില്‍ മറ്റുചില ലക്ഷ്യങ്ങളുമുണ്ടെന്നാണ് സൂചന. കൂടിയാലോചനയില്ലാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്ന ആക്ഷേപം കെ സി പക്ഷം ഏറെനാളായി ഉയര്‍ത്തുന്നുണ്ട്. മന്ത്രിസഭായോഗത്തില്‍ പോലും അത് പ്രതിഫലിച്ചു. കെ സി പക്ഷം മന്ത്രിസഭയില്‍ നിന്നുകൊണ്ട് പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ പഴയ എ ഗ്രൂപ്പ് നേതാക്കള്‍ ഒരുപടി കടന്ന് ഹൈക്കമാന്‍ഡിനോട് നേരിട്ട് പരാതിപ്പെട്ടു. ഈ സംഘത്തിലെ പ്രധാനിയായിരുന്നു ഷാഫി പറമ്പില്‍.

മുഖ്യമന്ത്രി വിഷയത്തില്‍  കെസിയെ പിന്തുണച്ച ഷാഫി നിലവില്‍ കെസി പക്ഷമാണെന്നാണ് വി.ഡി.സതീശനെ അനുകൂലിക്കുന്നവര്‍ കരുതുന്നു. എ ഗ്രൂപ്പിന്റ പേരുപറഞ്ഞ് ഷാഫി ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചത് കെസിയുടെ ആശിര്‍വാദത്തോടെയാണെന്ന ചിന്ത പ്രബലമാണ്. ഈ സാഹചര്യത്തോടാണ് ഉണ്ണിത്താന്റ കടന്നാക്രമണത്തെ ചിലര്‍ കൂട്ടിവായിക്കുന്നത്. ഷാഫി എ ഗ്രൂപ്പല്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ഉണ്ണിത്താന്‍ രാഷ്ട്രീയ ആരോപണത്തിനപ്പുറം വ്യക്തിപരമായ അധിക്ഷേപവും ഷാഫിക്കെതിരെ നടത്തുന്നുണ്ട്. മരിച്ചുപോയ പനമ്പിള്ളി നഗറിലെ നേതാവ് മറ്റൊരു നേതാവിനോട് ഒന്നും പുറത്തുപറയരുതെന്ന് കരഞ്ഞുപറഞ്ഞുവെന്നും വണ്ടിയുടെ നമ്പര്‍ 2020 എന്നാണെന്നുമൊക്കെ ക്ലൂവായി പറയുന്ന ഉണ്ണിത്താന്‍ ഷാഫിയുടേത് സംശുദ്ധ രാഷ്ട്രീയമല്ലെന്നും എന്തൊക്കെയോ  ഇനിയും പുറത്തുവരാനുണ്ടെന്നുമുള്ള ധ്വനിയുയര്‍ത്തുന്നു. ഷാഫിയുടെ വണ്ടിയുടെ റജിസ്ട്രേഷന്‍ നമ്പരാണ് 2020.

New Delhi 2023 August 03 : Kerala Pradesh Congress Committee President K Sudhakaran MP , Anto Antony MP , Congress General Secretary K. Venugopal MP , Rajmohan Unnithan MP and Leader of the Opposition in Kerala state VD Satheesan MLA ( All are congress Leaders) @ Rahul R Pattom

FILE PHOTO/ 2023 ഓഗസ്റ്റ് മൂന്നിന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ കെ.സി.വേണുഗോപാല്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.ഡി.സതീശന്‍ എന്നിവര്‍

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ഷാഫിയെ വ്യക്തിപരമായി അധിക്ഷേപിച്ച ഉണ്ണിത്താനെ തള്ളിപ്പറയാന്‍ പ്രധാന നേതാക്കളാരും രംഗത്തുവരാത്തതിലും സംശയമുണ്ട്. പാര്‍ട്ടിയുടെ അഭ്യന്തര കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പറയാനില്ലെന്നായിരുന്നു മന്ത്രി കെ.മുരളീധരന്റ പ്രതികരണം. ടി.സിദ്ദിഖും ചോദ്യങ്ങളോട് മൗനം പാലിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ഷാഫിയെ അറിയാമെന്നായിരുന്നു ഷാഫിയെ പിന്തുണച്ച  മന്ത്രി പി.സി.വിഷ്ണുനാഥിന്റ പ്രതികരണം.

അതേസമയം ഷാഫിക്കെതിരെ തുറന്നടിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ചാണ്ടി ഉമ്മനെപ്പോലുള്ളവര്‍ മറന്നില്ല. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ കടന്നാക്രമണത്തെ പ്രതിരോധിച്ചവരില്‍ പ്രധാനി ഉണ്ണിത്താനായിരുന്നുവെന്ന് പറയുന്ന ചാണ്ടി, ഉമ്മന്‍ചാണ്ടിയുടെ അവസാനകാലത്ത് ചിലര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞെന്നും ഷാഫിയുടെ പേരെടുത്ത് പറയാതെ പറഞ്ഞു. തമ്മിലടിയും പോരും നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആരുമില്ല എന്നതാണ് യാഥാര്‍ഥ്യം. നിയന്ത്രിക്കേണ്ടവര്‍ ഒാരോ പക്ഷത്തിന്റ വക്താക്കളായി മാറിനിന്ന് രസിക്കുമ്പോള്‍ ഉണ്ണിത്താനെപ്പോലുള്ളവരുടെ നാക്കിന് ഇനിയും നീളം കൂടും.

Kerala Congress infighting: What prompted Rajmohan Unnithan’s attack on Shafi Parambil?:

According to the provided Malayalam political report, Kasaragod MP Rajmohan Unnithan’s sharp verbal attack against KPCC Working President Shafi Parambil has brought simmering factionalism within the Kerala Congress into the open. While initially seen as a fallout from disputes over the Kasaragod Government Pleader appointment and social media campaigns targeting Unnithan's son, the report suggests deeper political motives linked to ongoing power struggles between factions aligned with K.C. Venugopal and V.D. Satheesan. Unnithan escalated the conflict beyond politics by making personal insinuations against Parambil, yet senior leaders like K. Muraleedharan and T. Siddique refrained from publicly condemning the remarks, while Chandy Oommen used the opportunity to subtly criticize Parambil. Ultimately, the article notes that the lack of strong intervention from the party leadership is allowing internal rivalries and public spats to escalate unchecked.