p-jarayarajn-muhammed-riyas
  • റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നും കൊട്ടേഷൻ സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമുള്ള ഇ.പി. ജയരാജന്റെ പരാതിയിൽ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങിയ കമ്മിഷൻ അന്വേഷണം നടത്തുന്നുണ്ട്.

സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച ഇടുക്കി മാങ്കുളത്തെ 'ഗ്രാൻഡ് ക്ലിഫ്' റിസോർട്ട് വിവാദത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പി. ജയരാജനുമായി ബന്ധപ്പെടുത്തി ഇ.പി. ജയരാജൻ പരാതി ഉന്നയിച്ച ഈ റിസോർട്ടിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് അന്നത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അവസാന നിമിഷം പിന്മാറിയിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 ജനുവരിയിൽ നടന്ന ഉദ്ഘാടനത്തിൽ നിന്നാണ് കാരണം വ്യക്തമാക്കാതെ റിയാസ് വിട്ടുനിന്നത്. ഉടമകൾ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളും റിസോർട്ടുമായി ബന്ധപ്പെട്ട ദുരൂഹതകളുമാണ് മന്ത്രിയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

മുഹമ്മദ് റിയാസ് പിന്മാറിയെങ്കിലും പി. ജയരാജൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു. മാങ്കുളം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ, വിഷയം അന്വേഷിക്കുന്ന പാർട്ടിയുടെ രണ്ടംഗ കമ്മിഷൻ ആവശ്യപ്പെട്ടാൽ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങൾ മുഹമ്മദ് റിയാസ് കമ്മിഷന് മുന്നിൽ മൊഴിയായി നൽകിയേക്കും.

കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ മാങ്കുളത്തെ റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തം ഉണ്ടെന്നും കൊട്ടേഷൻ സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇ.പി. ജയരാജൻ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതോടെ കെ.എൽ. ബാലഗോപാലിനെയും ടി.പി. രാമകൃഷ്ണനെയും പാർട്ടി കമ്മീഷൻ അംഗങ്ങളായി നിശ്ചയിച്ചു. നേരത്തെ പി.ജയരാജൻ  ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ച വൈദേഹം ആരോപണവും അന്വേഷണ കമ്മീഷൻ പരിശോധിക്കുന്നുണ്ട്.

ഇ.പി. പാർട്ടിക്ക് രേഖാമൂലം നൽകിയിരിക്കുന്ന പരാതിയിൽ തെളിവുകൾ ഉൾപ്പെടെ ഉണ്ടെന്നാണ് ഇ.പി പക്ഷത്തിന്റെ വാദം. വിവാദ റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി ജയരാജൻ നിരന്തരം പങ്കെടുക്കാറുണ്ടെന്നും ഇ.പി. പക്ഷം ആരോപിക്കുന്നു. നവംബറിൽ ദുബായില്‍ നടന്ന യോഗത്തിലും പി.ജയരാജൻ പങ്കെടുത്തു എന്നാണ് ഇ.പി. ജയരാജന്റെ ആരോപണം. എന്നാൽ ഡയറക്ടർ ബോർഡിൽ പങ്കെടുത്തതായി പുറത്തുവന്ന ചിത്രങ്ങൾ പഴയതാണെന്നും ഡയറക്ടർ ബോർഡ് യോഗത്തിന്‍റേതല്ലെന്നുമാണ് പി.ജയരാജന്റെ വാദം. ഒരു ബിസിനസ് തർക്കവുമായി ബന്ധപ്പെട്ടി പരിചയമുള്ള റിസോർട്ട് ഉടമ ഷെമി മുഹമ്മദിനെ കാണാൻ അവരുടെ ദുബായിലെ ഓഫീസിൽ രണ്ടുവർഷം മുമ്പ് പോയപ്പോൾ എടുത്തതാണ് ചിത്രം എന്നാണ് വാദം. ജയരാജനെ അന്ന് ഓഫീസിൽ കൊണ്ടുപോയി എന്ന് അവകാശപ്പെടുന്ന ദുബായിലെ ഇടതുപക്ഷ പ്രവർത്തകനും ഇക്കാര്യം പറയുന്നുണ്ട്. 

തനിക്കെതിരെ വൈദേഹം റിസോർട്ട് ആരോപണമുന്നയിച്ച പി.ജയരാജന് കൊട്ടേഷൻ സ്വർണം പൊട്ടിക്കൽ അംഗങ്ങളുമായി ബന്ധമുണ്ടെന്നും റിസോർട്ട് ഉടമകളും അതുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നുമാണ് ഇ.പി. പാർട്ടിക്ക് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഇ.പി.യുടെ പ്രതികാര പരാതിയാണെന്നാണ് പി.ജയരാജന്റെ ഭാഗം.

ENGLISH SUMMARY:

Tourism Minister P. A. Mohammed Riyas pulled out at the last minute from the January 2025 inauguration of the Grand Cliff resort in Mankulam, Idukki, which has sparked major political debate within the CPI(M). The controversy erupted after E. P. Jayarajan alleged at the state secretariat that P. Jayarajan holds a stake in the resort and has links to quotation gold-smuggling gangs, leading the party to form a two-member panel of K. N. Balagopal and T. P. Ramakrishnan that is also examining the earlier Vaidekam row.