മന്ത്രിസഭയിലെ തമ്മിലടിക്ക് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനം പാർട്ടിക്ക് തലവേദനയായതോടെ ഇടപെട്ട് കെപിസിസി നേതൃത്വം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പരസ്യമായി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാജമോഹൻ ഉണ്ണിത്താന് മറുപടി പറയാൻ നിൽക്കരുത് എന്ന് ഷാഫി പറമ്പിൽനോടും സണ്ണി ജോസഫ് ഫോണിൽ നിർദ്ദേശിച്ചു.
അതേസമയം രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനം ആസൂത്രിത നീക്കം എന്ന സംശയത്തിലാണ് എ ഗ്രൂപ്പ്. ഷാഫിയെ ലക്ഷ്യം വെക്കുന്നത് എ ഗ്രൂപ്പ് വീണ്ടും സജീവമാകുന്നത് തടയാനുള്ള ആയുധം എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരെ എഐസിസി നേതൃത്വത്തിന് പരാതി നൽകിയതിന്റെ വൈരാഗ്യം ആണോ എന്നും സംശയിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴച്ചതിനാൽ നേതൃത്വം ഇടപെട്ട് രാജ് മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്നും ആണ് ഈ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നു എന്നാരോപിച്ച് വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉന്നയിച്ചത്. ഷാഫി എ ഗ്രൂപ്പല്ലെന്നും എ ഗ്രൂപ്പാണെങ്കില്‍ അത് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായിരിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുയര്‍ന്നപ്പോളും വളഞ്ഞ് ആക്രമിച്ചപ്പോഴും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍ തന്‍റെ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്ന് തലയില്‍ മുണ്ടിട്ട് ഓടുകയായിരുന്നു ചിലരെന്നാണ് ഷാഫിയെ ഉന്നമിട്ട് ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞത്.