p-jayarajan-ep

സി.പി.എമ്മിൽ മുതിർന്ന നേതാക്കളായ ഇ.പി.ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ഇടുക്കി മാങ്കുളത്തെ റിസോർട്ടിൽ തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന ഇ.പി.ജയരാജന്റെ ആരോപണം പി.ജയരാജൻ പാർട്ടി നേതൃത്വത്തോട് നിഷേധിച്ചു. അതേസമയം, പി.ജയരാജനെ പൂട്ടാനുള്ള ഇ.പിയുടെ നീക്കത്തിന് പാർട്ടിയിലെ ഉന്നത നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് വിവരം.

മാങ്കുളത്തെ റിസോർട്ടിൽ തനിക്ക് യാതൊരുവിധ ഓഹരിയുമില്ലെന്നാണ് പി.ജയരാജൻ പാർട്ടി നേതാക്കളോട് വിശദീകരിച്ചത്. ഒരു പാർട്ടി ഭാരവാഹിയാണ് റിസോർട്ട് ഉടമകളെ തനിക്ക് പരിചയപ്പെടുത്തിയത്. ഇവരുടെ ഒരു ബിസിനസ് തർക്കത്തിൽ ഇടപെട്ടത് മുതലാണ് അടുത്ത പരിചയമുള്ളത്. റിസോർട്ട് ഉടമകൾക്കൊപ്പം ഇരിക്കുന്നതായി പുറത്തുവന്ന ചിത്രം 2024-ലേതാണ്. ഈ നവംബറിൽ ദുബായിലേക്ക് പോയത് ഒരു സാംസ്കാരിക സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണെന്നും അവിടെ വെച്ച് നടന്ന റിസോർട്ട് ബോർഡ് മീറ്റിംഗിൽ പങ്കെടുത്തിട്ടില്ലെന്നും പി.ജെ വ്യക്തമാക്കി.

റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുവെന്ന കാര്യം പി.ജയരാജൻ പാർട്ടി നേതാക്കളോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ആ ചടങ്ങിൽ ഉണ്ടായിരുന്നുവെന്നാണ് പി.ജയരാജന്റെ വാദം. വൈദേകം റിസോർട്ട് വിഷയത്തിൽ താൻ നൽകിയ പരാതിക്കുള്ള പ്രതികാരമായാണ് ഇപ്പോൾ ഇ.പി.ജയരാജൻ തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും പി. ജയരാജൻ പാർട്ടിയെ അറിയിച്ചു.

പി.ജയരാജനെതിരെ രേഖാമൂലം പരാതി നൽകാൻ ഇ.പി.ജയരാജനോട് നിർദ്ദേശിച്ചത് പാർട്ടിയിലെ ഉന്നതരാണെന്നാണ് ലഭിക്കുന്ന സൂചനകൾ. പി.ജയരാജൻ പാർട്ടിക്ക് മുകളിൽ വളരാൻ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് ഈ നീക്കം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി.ജയരാജൻ നൽകിയ പരാതി നാല് വർഷത്തോളം പാർട്ടി ഗൗനിക്കാതിരുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, ഇ.പി.ജയരാജൻ പരാതി നൽകിയതിന് പിന്നാലെ തന്നെ അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. പി.ജയരാജന് വിവിധ ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളുമായ ബന്ധം തെളിയിക്കുന്ന രേഖകളും ഇ.പി. ജയരാജൻ പാർട്ടി നേതൃത്വത്തിന് കൈമാറിയതായാണ് വിവരം.

ENGLISH SUMMARY:

Internal dispute within the CPI(M) involving senior leaders E.P. Jayarajan and P. Jayarajan has escalated over resort investment allegations. P. Jayarajan denied E.P. Jayarajan's claim to the party leadership that he holds shares in a resort located in Mankulam, Idukki. Meanwhile, reports indicate that top CPI(M) leaders backed E.P. Jayarajan in filing a written complaint and swiftly appointed an inquiry commission, reportedly over concerns that P. Jayarajan was growing above the party.