javokhir-sindarov-world-chess-championship-g-gukesh-uzbekistan-grandmaster-journey-a

നഴ്സറിയിലെ ഉച്ചമയക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ചെസ് കളിച്ചു തുടങ്ങിയ ഒരു പയ്യന്‍ ഇന്ന് ലോക ചെസ് ചാംപ്യൻഷിപ്പിൽ മല്‍സരിക്കാനിറങ്ങും. ചെസിലെ ‘ജെന്‍സി ചാംപ്യന്‍ഷിപ്പില്‍’ ഇന്ത്യയുടെ ഡി.ഗുകേഷിന് എതിരാളിയായി എത്തുന്ന ഉസ്ബക്കിസ്ഥാന്റെ 20 വയസുകാരന്‍ ജാവോഖിർ സിന്ദറോവിന്റേത് അസാധാരണമായ ഒരു കരിയറാണ്.  

2005 ഡിസംബർ എട്ടിന് ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിലാണ് സിന്ദറോവ് ജനിച്ചത്. നഴ്സറിയില്‍ ഉച്ചമയക്കം സിന്ദറോവിന് തീരെ താല്‍പര്യമില്ല. അപ്പോഴാണ് ഒരു കൂട്ടുകാരന്‍ ചെസ് ക്ലാസിലേക്ക് വിളിച്ചത്. ചെസും കളിക്കാം ഉറങ്ങുകയും വേണ്ട; ഇതായിരുന്നു കുഞ്ഞു സിന്ദറോവിന്റെ ലക്ഷ്യം. ചെസ് പഠിക്കാന്‍ തുടങ്ങിയ കാര്യം മുത്തച്ഛനെ അറിയിച്ചു.

സാധാരണക്കാരനായിരുന്നില്ല മുത്തച്ഛൻ കൊമിൽ സിന്ദറോവ്. നിയമരംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം ഡിറ്റക്ടീവ് നോവലിസ്റ്റായിരുന്നു. കൊമിലാണ് കൊച്ചുമകന് ആദ്യ ചെസ് കരുക്കള്‍ സമ്മാനിച്ചത്. ചെസിനോടുള്ള കൊച്ചുമകന്റെ താൽപര്യം തിരിച്ചറിഞ്ഞ അദ്ദേഹം കളിയുടെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുകയും ചെസ് സ്കൂളുകളിലേക്കും ടൂർണമെന്റുകളിലേക്കും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

സഹോദരന്റെ ത്യാഗം 

ജാവോഖിറിന്റെ സഹോദരൻ ഇസ്ലോമും മികച്ച ചെസ് താരമായിരുന്നു. കൊച്ചുമക്കളുടെ ചെസ് സ്വപ്നങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാൻ മുത്തച്ഛന്‍ പ്രൊഫഷണൽ ജീവിതം പോലും ഉപേക്ഷിച്ചു. ടൂർണമെന്റുകളിൽ അവർക്കൊപ്പം സഞ്ചരിക്കുകയും പരിശീലനത്തിനും യാത്രകൾക്കുമുള്ള ചെലവുകൾ കണ്ടെത്തുകയും ചെയ്തു. ജൂനിയർ മത്സരങ്ങളിൽ ഇരുവരും കഴിവ് തെളിയിക്കുകയും ചെയ്തു.

javokhir-sindarov-world-chess-championship-g-gukesh-uzbekistan-grandmaster-journey-b

എന്നാൽ രണ്ട് പേരുടെയും പ്രൊഫഷണൽ ചെസ് കരിയറിന് ഒരേസമയം പണം കണ്ടെത്തുക കുടുംബത്തിന് പ്രയാസകരമായിരുന്നു. ഒടുവിൽ അനുജന്റെ വളർച്ചയ്ക്കായി ഇസ്ലോം ചെസില്‍  നിന്ന് പിന്മാറി. കുടുംബത്തിന്റെ സാമ്പത്തികശേഷി മുഴുവൻ ജാവോഖിറിന്റെ പരിശീലനത്തിനും വളർച്ചയ്ക്കുമായി മാറ്റിവെക്കുകയായിരുന്നു.

പരാജയങ്ങളോടെ തുടക്കം; 12ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ 

ജാവോഖിർ സിന്ദറോവിന്റെ തുടക്കം വിജയങ്ങളുടേതായിരുന്നില്ല. ആദ്യ ടൂർണമെന്റിൽ കളിച്ച എട്ട് മത്സരങ്ങളിലും സിന്ദറോവ് തോറ്റു. ബൈ ലഭിച്ചതിലൂടെ മാത്രമാണ് ഒരു പോയിന്റ് നേടാനായത്. മറ്റ് കുട്ടികൾ മെഡലുകളുമായി മടങ്ങിയപ്പോൾ വെറുംകൈയോടെ തിരിച്ചെത്തേണ്ടിവന്നത് അവനെ വിഷമിപ്പിച്ചു. എന്നാൽ അവന്റെ മനസ്സ് തകരാൻ മുത്തച്ഛൻ അനുവദിച്ചില്ല.

നിരാശ മറക്കാൻ ചോക്ലേറ്റുകളും ചെറിയ സമ്മാനങ്ങളുമൊക്കെ വാങ്ങിനൽകി. വൈകാതെ സിന്ദറോവ് പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്തു തുടങ്ങി. 2017ൽ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയ താരം 2018 ഒക്ടോബറിൽ ഗ്രാൻഡ്മാസ്റ്ററായി. അന്ന് പ്രായം വെറും 12 വയസ്സും 10 മാസവും എട്ട് ദിവസവും. അക്കാലത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി സിന്ദറോവ് മാറി

വഴിതെറ്റിച്ച വിഡിയോ ഗെയിം 

കരിയറിന്റെ തുടക്കത്തിലെ വലിയ നേട്ടങ്ങൾക്കുശേഷം ഒരു ഘട്ടത്തിൽ സിന്ദറോവ് ചെസിെനക്കാള്‍ വിഡിയോ ഗെയിമുകള്‍ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങി. കൗണ്ടര്‍ സ്ട്രൈക്ക് വിഡിയോ ഗെയിമുകള്‍ കളിച്ച് മണിക്കൂറുകള്‍ ചെലവഴിച്ചു. ഇതോടെ ചെസ് പരിശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ പോയി.

കോവിഡ് മഹാമാരിക്കാലത്തെ ഇടവേളയാണ് നിര്‍ണായകമായത്. ലോകത്തിലെ മികച്ച താരങ്ങൾക്കൊപ്പം മത്സരിക്കണമെങ്കിൽ കൂടുതൽ കഠിനാധ്വാനം  ചെയ്യണമെന്ന് സിന്ദറോവിന് ബോധ്യപ്പെട്ടു. 2025ൽ ഗോവയിൽ നടന്ന ഫിഡെ ലോകകപ്പ് സ്വന്തമാക്കിയ സിന്ദറോവ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാംപ്യനായി.

19 വയസ്സും 11 മാസവും 18 ദിവസവുമായിരുന്നു അന്ന് പ്രായം. ഈ വിജയത്തോടെ 2026ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കും യോഗ്യത നേടി. സൈപ്രസിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിലും ആധിപത്യം തുടർന്നു. 14 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി തോൽവിയറിയാതെയാണ് സിന്ദറോവ് കിരീടം നേടിയത്. ഇതോടെ ഗുകേഷിനെതിരെ ലോകചാംപ്യന്‍ഷിപ്പ് മത്സരത്തിനുള്ള അവകാശവും സ്വന്തമാക്കി.

ഗുകേഷിന് എതിരായി ചെസ് ബോർഡിന് മുന്നിലിരിക്കുന്ന യുവതാരത്തിന് പിന്നിൽ മുത്തച്ഛന്റെ പാഠങ്ങളുണ്ട്, സഹോദരന്റെ ത്യാഗമുണ്ട്, മകന്റെ കഴിവിൽ വിശ്വസിച്ച കുടുംബത്തിന്റെ പിന്തുണയുമുണ്ട്. ആ അസാധാരണ യാത്രയുടെ അടുത്ത അധ്യായം ഇനി ലോക ചാംപ്യന്‍ഷിപ്പ് വേദിയില്‍ എഴുതപ്പെടും. ചൊവ്വാഴ്ച്ച ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ് ലോകചാംപ്യന്‍ഷിപ്പിലെ ആദ്യ മല്‍സരം 

ENGLISH SUMMARY:

Twenty-year-old Uzbek chess star Javokhir Sindarov faces India’s D. Gukesh in the World Chess Championship, capping a remarkable journey that began as a way to skip nursery naptime. Guided early on by his grandfather Komil Sindarov and supported by his brother Islom stepping aside from competitive chess to channel family resources into his training, Sindarov rebounded from losing all eight games in his debut tournament to become a Grandmaster at age 12 in October 2018.