ആലപ്പുഴ കുട്ടനാട്ടിലെ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റിയംഗം സിഎംപിയിലും മുൻ ലോക്കൽ സെക്രട്ടറി ബിജെപിയിലും ചേർന്നു. ചില നേതാക്കൾ സിപിഐയിൽ ചേരാൻ തയാറെടുക്കുകയാണ്.
പി ബി അംഗം പിണറായി വിജയൻ പങ്കെടുത്ത വിശാല ജില്ലാ കമ്മിറ്റിയിൽ ജില്ലയിലെ പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും, വിഭാഗീയതയും പരിഹരിക്കാൻ തീരുമാനം എടുത്തെങ്കിലും അതൊന്നും നടപ്പാകുന്നില്ല എന്നതിന്റെ തെളിവാണ് കുട്ടനാട്ടിൽ പാർട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. പാർട്ടി വിട്ടു ഏരിയ കമ്മിറ്റി അംഗം സിഎംപിയിലും, മുൻ ലോക്കൽ സെക്രട്ടറി ബിജെപിയിലും ആണ് ചേർന്നത്. കുട്ടനാട് ഏരിയ കമ്മിറ്റിയംഗം തോമസ് പൈലിയാണു സിഎംപിയിൽ ചേർന്നത്. മന്ത്രി സി.പി.ജോൺ പാർട്ടി അംഗത്വം നൽകി. കാവാലം കുന്നുമ്മ ലോക്കൽ സെക്രട്ടറിയായിരുന്ന ഡി.വിനോദ് ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധുമോൾ വിനോദിനെ പാർട്ടിയിലേക്കു സ്വീകരിച്ചു. തോമസ് പൈലി മുൻപു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ തടവ് അനുഭവിച്ചയാളാണ്. മറ്റൊരു പ്രാദേശിക നേതാവ് കുട്ടനാട്ടിലെ ജില്ലാ നേതാവിനെ ഉന്നംവച്ചു സമൂഹ മാധ്യമത്തിൽ കുറിപ്പെഴുതിയിരുന്നു. കുറിപ്പിനോടു യോജിച്ചും വിയോജിച്ചും ഒട്ടേറെ പ്രതികരണങ്ങളുണ്ടായി. ഈ നേതാവ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സംഘടനാ ചർച്ചയിൽ ഒരു വിഭാഗം പങ്കെടുത്തില്ല. നേതൃത്വത്തിലെ ചിലരോടുള്ള പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വിജോയിപ്പ് അതിലൂടെ വ്യക്തമായിരുന്നു. നേരത്തെ ഭിന്നത രൂക്ഷമായതിനെ തുടർന്നു രാമങ്കരിയിലും മറ്റും പ്രവർത്തകർ കൂട്ടമായി സിപിഐയിൽ ചേർന്നിരുന്നു. കർഷകത്തൊഴിലാളി യൂണിയനിൽ പാർട്ടി പ്രാദേശിക നേതൃത്വം നടത്തുന്ന അനാവശ്യ ഇടപെടലിൽ ഒട്ടേറെ അംഗങ്ങൾക്ക് അമർഷമുണ്ട്. ഇവർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്. ഇവരിൽ പലരും പാർട്ടി വിടുമെന്നാണു സൂചന.