എറണാകുളം മഹാരാജാസ് കോളജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം. കോളജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് പ്രവർത്തകർ മന്ത്രിയെ വളഞ്ഞതോടെ വേദിയിലും പരിസരത്തും നാടകീയ രംഗങ്ങൾ അരങ്ങേറി. Also Read: ചൈന പോലും മുതിര്‍ന്നിട്ടില്ല: തായ്‌വാന്‍ വിമാനങ്ങളെ പറത്തില്ലെന്ന് പാക്കിസ്ഥാന്‍; വിറപ്പിച്ച് തായ്‌വാന്‍
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എസ്.എഫ്.ഐയുടെ ഇടപെടൽ. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ബാനർ താഴെവയ്ക്കേണ്ടതില്ലെന്നും മന്ത്രി പ്രതിഷേധക്കാരോട് പറഞ്ഞു. എന്നാൽ സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നത് ഒരു സംഘടനയായാലും സർക്കാരോ വിദ്യാഭ്യാസ വകുപ്പോ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കാലടി സർവകലാശാലയിൽ നടന്നത് അക്രമമാണെന്നും സിൻഡിക്കേറ്റ് യോഗം പോലും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നടപടികൾ അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സമരം കണ്ട് പേടിക്കില്ലെന്നും അക്രമത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും റോജി എം. ജോൺ വ്യക്തമാക്കി. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ചടങ്ങ് നടക്കുന്ന വേദിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.