കൊച്ചി ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വിഡി സതീശന് സന്ദർശിച്ചു. അരമണിക്കൂറിലധികം സമയം വീടിനുള്ളിൽ ചെലവഴിച്ച മുഖ്യമന്ത്രി, ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തി, മകൻ മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തങ്ങൾക്ക് ഇതുവരെ അർഹമായ നീതി ലഭിച്ചില്ലെന്നും കേസിൽ ആശങ്കകളുണ്ടെന്നും കുടുംബം മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പരാതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാർ പൂർണ്ണമായും കുടുംബത്തിനൊപ്പമുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.
അപകടത്തിന് കാരണക്കാരനായ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ജാമ്യം ലഭിച്ചതും, പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ കർശന നടപടികൾ വൈകുന്നതും കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ജഡ്ജിക്കെതിരായ നടപടികൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് ഹൈക്കോടതിയുടെ തീരുമാനപ്രകാരമേ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കേസിൽ പ്രോസിക്യൂഷനും പൊലീസും സ്വീകരിച്ച നടപടികളിൽ തൃപ്തരാണെന്നും, കോടതിയുടെ തുടർനടപടികൾ വിലയിരുത്തിയ ശേഷം മാത്രമെ ഭാവികാര്യങ്ങൾ തീരുമാനിക്കൂ എന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മകൾ ഭദ്രകീർത്തി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ ഹർജിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അപ്പീൽ തിരുത്തി നൽകാൻ നിർദ്ദേശിച്ചു.
ഇതിനിടെ കുടുംബത്തിലെ വക്കാലത്ത് തർക്കങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ ഭദ്രകീർത്തി തള്ളിക്കളഞ്ഞു. കേസിന്റെ തുടക്കത്തിൽ നിയമോപദേശത്തിനായി അഡ്വ. ശ്രീജിത്തിന് കുടുംബം തന്നെയാണ് വക്കാലത്ത് നൽകിയതെന്നും ആരും ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതല്ലെന്നും അവർ വ്യക്തമാക്കി. നാളെ കോടതി പറയുന്ന അന്തിമ വിധിക്ക് ശേഷമുള്ള തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നാണ് കുടുംബത്തിന്റെ നിലപാട്.