കേരളത്തിലെ എം.എൽ.എമാരുടെ ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലിരിക്കെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. തദ്ദേശ ജനപ്രതിനിധികൾക്കുള്ള തുച്ഛമായ ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന അധ്യക്ഷനും മുൻ എം.എൽ.എയുമായ അനിൽ അക്കര ഇട്ട ഫേസ്ബുക്ക് പോസ്റ്റും വലിയ ചർച്ചയാവുകയാണ്. വീട്ടിലെ എല്ലാവർക്കും അത്താഴത്തിന് പാത്രം വച്ച ശേഷം അച്ഛന് മാത്രം ഭക്ഷണം വിളമ്പി മക്കളെ പട്ടിണിക്കിടുന്നതുപോലെ ആകരുത് ജനപ്രതിനിധികളുടെ ആനുകൂല്യങ്ങളിലെ ഈ അസമത്വമെന്ന് അക്കര ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. നേതാക്കളെ എം.എൽ.എമാരാക്കുന്നതിന് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചവരാണ് തദ്ദേശ ജനപ്രതിനിധികളെന്നും അക്കര ഓർമിപ്പിക്കുന്നു.
1995ൽ ഒരു ഗ്രാമപഞ്ചായത്തംഗത്തിന് 1200 രൂപയാണ് ഓണറേറിയമായി ലഭിച്ചതെങ്കിൽ ഇപ്പോൾ 8000 രൂപയാണ് പ്രതിമാസ ഓണറേറിയം. ഇത് ഇരട്ടിയാക്കി, അത് 16,000 രൂപയായി വർധിപ്പിക്കണമെന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യം. നിലവിൽ പഞ്ചായത്ത് പ്രസിഡന്റിന് കിട്ടുന്ന 14,200 രൂപ ഓണറേറിയം 31,000 രൂപയാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം തുച്ഛമാണെന്ന് വാദമുണ്ട്. ഏറ്റവും ഒടുവിൽ വർധിപ്പിച്ചത് 2021ലാണ്. കഴിഞ്ഞ ബജറ്റിൽ തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല.
കേരളത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം ഇതാണ്.
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ........................................................14,200
വൈസ് പ്രസിഡന്റ്.........................................11,600
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...................9,200
മെമ്പർമാർ............................................................8,000
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ......................................................15,600
വൈസ് പ്രസിഡന്റ്.......................................13,000
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ................9,800
മെമ്പർമാർ..........................................................8,600
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് ......................................................16,800
വൈസ് പ്രസിഡന്റ്.......................................14,200
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ................10,400
മെമ്പർമാർ..........................................................9,800
മുൻസിപ്പാലിറ്റി
ചെയർമാൻ......................................................15,600
വൈസ് ചെയർമാൻ.....................................13,000
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻ...........10,400
കൗൺസിലർ.....................................................8,600
കോർപ്പറേഷൻ
മേയർ.................................................................16,800
ഡെപ്യൂട്ടി മേയർ............................................14,200
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...............10,400
കൗൺസിലർ.....................................................9,200
ഹാജർ ബത്തയും വാഹനവും
തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങൾ അല്ലാത്ത പദവികളിലുള്ളവർക്ക് 250 രൂപ ഹാജർ ബത്ത കിട്ടും. എന്നാൽ, പരിധിയുണ്ട്. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജർ ബത്തയായി കിട്ടുക. പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സമിതികളിലെ മെമ്പർമാർക്ക് 200 രൂപയാണ് ഒരു യോഗത്തിനുള്ള ഹാജർ ബത്ത. ഇവർക്ക് പ്രതിമാസം ഈ ഇനത്തിൽ പരമാവധി 1,000 രൂപ കിട്ടും. കോർപ്പറേഷനുകളിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർക്കും മുൻസിപ്പാലിറ്റിയിൽ ചെയർമാന്മാർക്കും ഔദ്യോഗിക വാഹനം ഉണ്ട്.