CMRL ഇടപാടുമായി ബന്ധപ്പെട്ട് ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി. FIRലെ തുടരന്വേഷണ നടപടികൾ മരവിപ്പിച്ച ഹൈക്കോടതി ഇഡിയോടും വിജിലൻസിനോടും വിശദീകരണം തേടി. എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്നും, അന്വേഷണം തടസപ്പെടുത്തരുതെന്നുമുള്ള ഇരട്ട നിലപാടാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ സ്വീകരിച്ചത്.
അതേസമയം, നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് തന്നെയാണ് വിശ്വാസമെന്നും, ആ രീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലാണോ എന്ന ചോദ്യത്തിന് അതിനൊക്കെ പിന്നീട് മറുപടി പറയാമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
CMRL ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം നടപടികളിൽ പിണറായി വിജയനും, സിപിഎമ്മിനും ഏറെ ആശ്വാസമാകുന്നതാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് FIR റജിസ്റ്റർ ചെയ്യണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വിജിലൻസ് എഫ്ഐആറിൻമേലുള്ള തുടരന്വേഷണ നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു. പിണറായി വിജയൻ, ടി.വീണ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരുടെ നാല് സെറ്റ് അപ്പീലുകൾ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കും. അപ്പീലുകളിൽ വിജിലൻസും ഇഡിയും വിശദീകരണം നൽകണം.
നടപടിക്രമങ്ങളിലെ വീഴ്ചയും, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുമോ എന്നതുമടക്കം വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി. ഹർജിക്കാരൻ ആദ്യം മജിസ്ട്രേറ്റിനെ സമീപിക്കേണ്ടതായിരുന്നുവെന്നും ബന്ധപ്പെട്ട കക്ഷികളെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും പിണറായി വിജയൻ വാദിച്ചു. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാൽ, കൈമാറിയ വിവരങ്ങൾ കുറ്റകൃത്യം വെളിപ്പെടുത്തുന്നുണ്ടെങ്കിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നത് മറ്റ് ഏജൻസികളുടെ നടപടിക്ക് തടസ്സമല്ലെന്നും ഇ.ഡി വാദിച്ചു.
അതേസമയം, പ്രാഥമിക അന്വേഷണം നടത്താനായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചതെന്നും, സിംഗിൾ ബെഞ്ച് ഉത്തരവ് മാനിച്ചാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. എഫ്.ഐ.ആർ ഇതിനകം രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സ്റ്റേ അനുവദിക്കരുതെന്ന ഇരട്ട നിലപാടും സർക്കാർ സ്വീകരിച്ചു.