പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. എന്നാല്‍ പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് ഉടന്‍ തീരുമാനം വന്നേക്കില്ല. കാരണം അതിന് നടപടികള്‍ ഒട്ടേറെ അവശേഷിക്കുന്നുണ്ട്. അതേസമയം ഗവര്‍ണര്‍ക്ക് തന്നെ പി.എസ്.സി ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യാനാവും. നടപടി ക്രമങ്ങള്‍ എന്താണെന്ന് പരിശോധിക്കാം. Also Read: പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം; രാഷ്ട്രപതിക്ക് ശുപാർശ നൽകി രാജേന്ദ്ര ആർലേക്കർ
∙ഗവര്‍ണറുടെ ശുപാര്‍ശ വിലയിരുത്തിയ ശേഷം രാഷ്ട്രപതിക്ക് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. അംഗീകരിക്കുകയാണങ്കില്‍ തുടര്‍നടപടിക്കായി സുപ്രീംകോടതിക്ക് റഫര്‍ ചെയ്യാം.
∙സുപ്രീം കോടതി പി.എസ്.സിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കണം.
∙പാര്‍ലമെന്‍റ് ആ റിപ്പോര്‍ട്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയാല്‍ പി.എസ്.സി ചെയര്‍മാനും അംഗങ്ങളും അയോഗ്യരാകും.
അതേസമയം പാര്‍ലമെന്‍റ് പാസാക്കും മുന്‍പ് ഗവര്‍ണര്‍ക്ക് നേരിട്ട് പി.എസ്.സി ചെയര്‍മാനെയും ഭരണസമിതിയേയും സസ്പെന്‍ഡ് ചെയ്യാനും വഴിയുണ്ട്. ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി സുപ്രീംകോടതിക്ക് റഫര്‍ ചെയ്താല്‍, ശുപാര്‍ശ പ്രാഥമികമായി അംഗീകരിച്ചെന്നാണ് വിലയിരുത്തല്‍. അതിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് സസ്പെന്‍ഡ് ചെയ്യാം. അതിന് അധിക നാളുകള്‍ വേണ്ടിവരില്ല. അതിനാല്‍ രാഷ്ട്രപതിയുടെ അടുത്ത നീക്കമാണ് അതീവ നിര്‍ണായകം. അതേസമയം ശുപാര്‍ശ ചെയ്ത രാജേന്ദ്ര അര്‍ലേക്കര്‍ മാറി ഓം പ്രകാശ് മാഥൂറാണ് നിലവില്‍ ഗവര്‍ണര്‍. അദേഹത്തിനും ഇതേ കടുത്ത നിലപാടാണോ എന്നത് അനുസരിച്ചിരിക്കും എന്ത് നടപടിയും.