മസാല ബോണ്ടിനുള്ള കിഫ്ബി തീരുമാനം ചീഫ് സെക്രട്ടറിയുടെയും ധനവകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് അവഗണിച്ച്. ഇക്കാര്യം വ്യക്തമാക്കുന്ന കിഫ്ബി ബോർഡ് യോഗത്തിന്റെ മിനുട്ട്സ് മനോരമ ന്യൂസിന് ലഭിച്ചു. ഉയർന്ന പലിശ നിരക്ക് ചൂണ്ടിക്കാട്ടിയാണ് കിഫ്ബി ബോർഡ് യോഗത്തിൽ ഇരുവരും എതിർപ്പ് ഉയർത്തിയത്. പലിശ ഉയർന്നതാണെങ്കിലും വിദേശ വായ്പകൾക്കുള്ള അവസരം ഉപയോഗിക്കണമെന്ന നിലപാടായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്. കിഫ്ബി കണ്ണൂരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയത് ബജറ്റ് പ്രഖ്യാപനമോ മന്ത്രിസഭാ തീരുമാനമോ ഇല്ലാതെയാണ് എന്നും വ്യക്തമായി.
2019 ജനുവരി 17ന് ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിലാണ് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനകാര്യ സെക്രട്ടറി മനോജ് ജോഷിയും എതിർപ്പ് ഉന്നയിച്ചത്. വിദേശ പലിശ നിരക്ക് കുറഞ്ഞു നിൽക്കുമ്പോൾ മസാല ബോണ്ടിന് ഉയർന്ന പലിശ എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചത്. അഭ്യന്തര വിപണിയിലെ പലിശ നിരക്കിനെക്കാൾ കൂടിയ പലിശയ്ക്ക് മസാല ബോണ്ട് വഴി വായ്പ എടുക്കുന്നതിനെ ധനകാര്യ സെക്രട്ടറിയും ചോദ്യം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മസാല ബോണ്ടുമായി മുന്നോട്ട് പോകണമെന്ന അഭിപ്രായക്കാരായിരുന്നു. രാജ്യാന്തര വിപണിയിലേക്കുള്ള വാതായനം ആണ് മസാല ബോണ്ടെന്നും പലിശ നിരക്ക് കൂടിയതാണ് എങ്കിലും കിഫ്ബി അത് ഉപയോഗിക്കണം എന്നുമാണ് ധനമന്ത്രി തോമസ് ഐസക് നിലപാട് എടുത്തത്. തുടർന്ന്, നിലവിലെ വിപണി നിരക്ക് പ്രകാരം എത്രയും പെട്ടെന്ന് മസാല ബോണ്ട് ഇടപാടുകൾ പൂർത്തിയാക്കാൻ കിഫ്ബി സിഇഒയെ ചുമതലപ്പെടുത്തുകയുന്നു.
മസാല ബോണ്ട് വഴി സംസ്ഥാന ഖജനാവിന് 183 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കിഫ്ബി വിദഗദ സമിതിയുടെ കണ്ടെത്തൽ. കണ്ണൂരിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയത് മന്ത്രിസഭാ അനുമതിയോ ബജറ്റ് പ്രഖ്യാപനമോ ഇല്ലാതെയാണ് എന്നും വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ പദ്ധതി രേഖകൾ ഇല്ലാതെ വൻതോതിൽ ഭൂമി വാങ്ങിയതിന് പിന്നിൽ ബെനാമി ഇടപാടുകൾ നടന്നു എന്ന സംശയം ഉയരുകയാണ്. സെന്റിന് ഇരുപതിനായിരം രൂപ വരെ നൽകി സ്വകാര്യ വ്യക്തികൾ വാങ്ങിയ ഭൂമിയാണ് ഒന്നരലക്ഷം രൂപ വരെ നൽകി ഏറ്റെടുത്തത്. കിഫ്ബി വാങ്ങുന്നതിന് മുമ്പുള്ള ഈ ഭൂമിയിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വിദഗ്ധസമിതി ശേഖരിച്ചിട്ടില്ല. അതിന് വിശദമായ വിജിലൻസ് അന്വേഷണം വേണ്ടിവരും എന്നാണ് വിലയിരുത്തൽ.