പ്രതിപക്ഷനേതാവ് പിണറായി വിജയനും മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമെതിരായ കേസുകളിൽ അന്വേഷണം തുടങ്ങുന്നതിനു മുന്നോടിയായി വിജിലന്‍സ് ഇ.ഡിക്ക് കത്ത് നൽകും. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. ഇ.ഡി നേരത്തേ നൽകിയ കത്തിലെ ആരോപണങ്ങൾക്കുള്ള തെളിവുകളാണ് ആവശ്യപ്പെടുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നേരിട്ടാണ് കത്തയക്കുന്നത്. Also Read: 'സിജെപിയെ നമ്പരുത്, ഗൂഢാലോചനയാണ്..'; സിജെപി നാടകം കളിക്കുകയാണെന്ന് പി.സരിന്‍
പിണറായിക്കും മുഹമ്മദ് റിയാസിനും എതിരായ കേസുകൾ രണ്ട് പ്രത്യേക സംഘങ്ങളായിരിക്കും അന്വേഷിക്കുക. പിണറായിയുടെ അപ്പീലിൽ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം ആകും തുടര്‍നീക്കങ്ങള്‍. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.
മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഒരാള്‍ക്കെതിരെ കൈക്കൂലി ഇടപാടില്‍ കേസെടുക്കുന്നത് അത്യപൂര്‍വമാണ്. മുന്‍മുഖ്യമന്ത്രിയും മകളും മകളുടെ ഭര്‍ത്താവും കുടുംബസമേതം പ്രതികളാകുന്നത് ചരിത്രത്തിലാദ്യവുമാണ്. സി.എം.ആര്‍.എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിലാണ് ഒരു കേസ്. അതില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. മകള്‍ വീണ രണ്ടാംപ്രതിയും വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സ് മൂന്നാ പ്രതിയുമാണ്. സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തയെയും, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാറിനെയും ഈ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
2016 ഓഗസ്റ്റ് മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലത്താണ് കൈക്കൂലി വാങ്ങിയതെന്നും മാസം തോറും 8 ലക്ഷം രൂപ വീതം സി.എം.ആര്‍.എല്‍ കമ്പനി വീണയ്ക്ക് നല്‍കിയെന്നുമാണ് എഫ്.ഐ.ആര്‍. ഇത് സേവനങ്ങളുടെ പേരിലല്ലെന്നും മുഖ്യമന്ത്രിയെന്ന സ്വാധീനം കണ്ടിട്ടാണെന്നും പറയുന്നു. പി.എ.മുഹമ്മദ് റിയാസ് ഇരുപതരക്കോടി അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാട് നടത്തിയെന്ന ആരോപണത്തിലാണ് അടുത്ത കേസ്. മുഹമ്മദ് റിയാസിനെയും വീണയേയും കൂടാതെ റിയാസിന്‍റെ സുഹൃത്തുക്കളായ ഷൈജല്‍, നിഖില്‍, ഹസന്‍ വാരിസ്, ഫൈജാസ്, നന്ദുലാല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
ദുബായില്‍ ബിസിനസ് തുടങ്ങാന്‍ റിയാസും സുഹൃത്തുക്കളും തീരുമാനിച്ചെന്നും ഇതിനായി കോടികള്‍ കടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ദുബായില്‍ ബെനാമി കമ്പനി തുടങ്ങാന്‍ വീണയും റിയാസും പലതവണ ദുബായിലേക്ക് യാത്ര നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. പ്രാഥമിക അന്വേഷണമെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്.