• സിപിഎമ്മിലെത്തി രണ്ട് വർഷം തികയും മുൻപാണ് പന്തളത്തു നിന്നുള്ള എസ്. കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റി ക്ഷണിതാവാക്കിയത്

പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി. പന്തളത്ത് നിന്നുള്ള മുന്‍ ബിജെപി നേതാവ് എസ്. കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നത്. നാമം ജപിച്ചാൽ മതിയായിരുന്നുവെന്ന് ഏരിയ കമ്മിറ്റിയംഗം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. പന്തളം ഏരിയ കമ്മിറ്റിയംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ രവിശങ്കറാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ താല്പര്യത്തിലാണ് കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയത് എന്നാണ് വിമർശനം. 

തെറ്റുതിരുത്തൽ പത്തനംതിട്ടയിൽ നടപ്പിലായില്ല എന്ന് കഴിഞ്ഞ ദിവസം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താത്തതിലും പ്രതിഷേധമുണ്ട്. രൂക്ഷമായ വിഭാഗീയത ജില്ലാകമ്മിറ്റിയോഗത്തില്‍ െവളിവായിരുന്നു. ഉദയഭാനു വിഭാഗം ജനീഷ് കുമാറിനെ വെട്ടിയെന്നും ഏരിയ സെക്രട്ടറിമാരെ തഴഞ്ഞ് പാര്‍ട്ടിബന്ധമില്ലാത്തവരെ പോലും ജില്ലാ കമ്മിറ്റിയില്‍ കുത്തിക്കയറ്റിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

ENGLISH SUMMARY:

The CPI(M) in Pathanamthitta is reportedly facing internal dissent over the decision to appoint former BJP leader S. Krishnakumar from Pandalam as an invitee to the district committee. The controversy intensified after Ravi Shankar, a Pandalam area committee member and area secretary of the Karshaka Sangham, posted on Facebook that chanting the Lord’s name would have been enough, in an apparent criticism of the appointment. Party members have also questioned whether the decision was influenced by former district secretary K.P. Udayabhanu. During a recent expanded district committee meeting, leaders reportedly raised concerns that the party’s correction measures had not been implemented effectively in Pathanamthitta, alongside complaints about factionalism, an unfilled district secretariat vacancy and the alleged sidelining of area secretaries.