പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയ ഇ.എന്‍.സുരേഷ് ബാബുവിനെതിരെ അഭിഭാഷക നല്‍കിയ പരാതിയില്‍ ഒളിച്ചുകളിച്ച് മുതിര്‍ന്ന വനിതാ നേതാക്കള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം അനുവദിക്കില്ലെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട പി.കെ.ശ്രീമതിക്കും പെണ്‍കുട്ടിക്കൊപ്പമെന്ന് പറയുന്ന ശൈലജയ്ക്കും സുരേഷ്ബാബുവിന്റ കാര്യത്തില്‍ ഉത്തരമില്ല. പീഡന പരാതി ലഭിച്ചാലും പൊലീസിന് കൈമാറുന്നത് പാര്‍ട്ടി രീതിയല്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ ന്യായീകരണം. Also Read: ‘30കോടി അടിച്ചത് എനിക്ക്, പക്ഷേ ടിക്കറ്റ് കാണാനില്ല, ഇതാ ഫോട്ടോ...’; അവകാശവാദവുമായി തമിഴ്നാട്ടുകാരന്‍
‘പെണ്‍കുട്ടികളെയോ സ്ത്രീകളോയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതാരായാലും അവര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യമേ സി പിഎമ്മിനുള്ളു. അതിനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ.’ ഇതായിരുന്നു കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്. സുരേഷ് ബാബുവിനെതിരെ അഭിഭാഷക നല്‍കിയ പരാതി ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന നേതൃത്വത്തിനെതിരായ ഒളിയമ്പായാണ് ശ്രീമതിയുടെ ഈ കുറിപ്പ് വ്യാഖ്യാനിക്കപ്പെട്ടത്. പക്ഷെ താനൊരു പൊതുനിലപാട് പറഞ്ഞതാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് ശ്രീമതി.
പരാതിയുണ്ടെങ്കിലല്ലേ പൊലീസിന് കൈമാറാന്‍ പറ്റൂ എന്നായിരുന്നു കെ.കെ.ശൈലജയുടെ മറുചോദ്യം. പാര്‍ട്ടിയില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുണ്ടെന്ന് സമ്മതിച്ച ശൈലജ അതിലെ അംഗങ്ങളെ അറിയില്ലെന്നും വ്യക്തമാക്കി.
സുരേഷ് ബാബുവിനെ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയ പാലക്കാട് വിശാല ജില്ലാ കമ്മിറ്റിയോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തെങ്കിലും ഇപ്പോഴും കാരണം അറിയില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ നിലപാട്. പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറുന്നത് പാര്‍ട്ടി രീതിയല്ലത്രേ. അടുത്തദിവസം ഡല്‍ഹിയില്‍ ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവരുമെന്നാണ് സൂചന.