വൻ വിവാദം ഉയർന്നതിന് പിന്നാലെ ആരോഗ്യവകുപ്പിൽ നിയമിച്ച ബിജെപി നേതാവിനെ പിരിച്ചുവിട്ടു. എന്‍ജിഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആർ നായർക്ക് നിയമനം നൽകിയതാണ് ആക്ഷേപത്തിന് കാരണമായത്. മുൻപ് അനധികൃത ലീവിന് പിരിച്ചുവിട്ട ഡോക്ടർക്ക് നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ടായി നിയമനം നൽകിയതിലും വിവാദം പുകയുകയാണ്
കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ ആരോഗ്യവകുപ്പിന് കീഴിൽ ബിജെപി നേതാവിന് നിയമനം നൽകിയാണ് ആരോഗ്യവകുപ്പ് പുലിവാല് പിടിച്ചത്. രതീഷ് ആർ നായരുടെ നിയമനത്തിലാണ് വിവാദമുയർന്നത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സ്‌ഥാപനമായ സിമെറ്റിന്റെ കീഴിലുള്ള കോന്നി നഴ്‌സിങ് കോളജിൽ സീനിയർ സൂപ്രണ്ട് ആയാണ് നിയമനം നല്‍കിയത്. സെപ്റ്റംബർ 15നാണ് നിയമന ഉത്തരവ് നല്‍കിയത്.
ബിജെപി പെൻഷനേഴ്‌സ് സെല്ലിന്റെ കൺവീനറായിരുന്നു ഇദ്ദേഹം. പെൻഷൻ ബിജെപി നിയമിച്ച ലെറ്റർ കൂടി പുറത്തുവന്നതോടെയാണ് വിവാദം കത്തിയത്. പിന്നാലെ യു ടേണടിച്ച ആരോഗ്യ മന്ത്രി ഉദ്യോഗസ്‌ഥനെ പിരിച്ചു വിടാൻ നിർദേശം നല്‍കി. അനധികൃത ലീവിന് പിരിച്ചുവിട്ട ഡോക്ടർക്ക് പുനർ നിയമനം നല്‍കി.
ആശുപത്രി സൂപ്രണ്ടാക്കിയതിലും വിവാദമുയർന്നിട്ടുണ്ട് ഡോ ടി ടി പ്യാരിയെയാണ് നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ടായി നിയമിച്ചത്. തമിഴ്നാട് വിളവൻകോട് എംഎൽഎ ടി ടി പ്രവീണിന്റെ സഹോദരിയാണ് ഡോ. പ്യാരി . ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.
2023ലാണ് അനധികൃതമായി ലീവ് എടുത്തതിന് മറ്റ് നിരവധി പേർക്കൊപ്പം ഡോ പ്യാരിയേയും പിരിച്ചു വിട്ടത്. തിരിച്ചെടുക്കൽ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നാണ് ആക്ഷേപമുയരുന്നത്. എന്നാൽ പിരിച്ചുവിട്ടവരെ സർവീസിലേക്ക് തിരിച്ചെടുക്കാൻ തടസ്സം ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. പരാതിയുള്ളവർക്ക് കോടതിയിൽ പോകാമെന്ന് കെ മുരളീധരൻ.