യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയിരിക്കെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്  ഡല്‍ഹിക്ക്. വിവാദത്തിന്‍റെ പശ്ചാത്തലം ഹൈക്കമാൻഡിനെ ധരിപ്പിക്കും. അടൂർ പ്രകാശും നാളെ ഡൽഹിക്ക് പോകും. അതേസമയം പാര്‍ട്ടി – സര്‍ക്കാര്‍ ഏകോപന സമിതി എത്രയും വേഗം രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. 

നയപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്‍റെ വിമർശനം ഹൈക്കമാൻഡിന്‍റെ ശ്രദ്ധയിൽപ്പെട്ടിരിക്കെയാണ് , കെപിസിസി അധ്യക്ഷൻ ഡൽഹിയിൽ എത്തുന്നത്. അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കുകയാണ് ലക്ഷ്യമെങ്കിലും അടൂരിന്‍റെ വിമര്‍ശനം വന്ന വഴിയും വിവാദവും സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ നാളെ അടൂര്‍ പ്രകാശും ഡല്‍ഹിക്ക് പോകുന്നുണ്ട്. മുന്നണിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഒന്നും തന്നെ അറിയിക്കുന്നില്ലെന്നും മാസത്തിലൊരിക്കല്‍ യുഡിഎഫ് യോഗം ചേരാമെന്ന ധാരണ പോലും പാലിക്കപ്പെടുന്നില്ലെന്നുമാണ് അടൂര്‍ പ്രകാശിന്‍റെ പരാതി.

പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെ പരസ്യമായി വിരര്‍ശിച്ചതിനോട് എ.ഐ.സി.സി യോജിക്കുന്നില്ല. കെ സി വേണുഗോപാൽ കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തിലും ഇത് വ്യക്തമായിരുന്നു. അതേസമയം, കൂടിയാലോചനയില്ലെന്ന വിമര്‍ശനം ഉയരുമ്പോൾ പാര്‍ട്ടി– സര്‍ക്കാര്‍ ഏകോപന സമിതി എത്രയും വേഗം രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ട് നാലുമാസമായെങ്കിലും ഇതുവരെ നടപടികളുണ്ടായില്ല. ജൂണിൽ ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ തന്നെ ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും കടലാസിൽ ഒതുങ്ങി.

UDF Convenor Adoor Prakash's public criticism of the Chief Minister: