Untitled design - 1

തിരുവനന്തപുരം നഗരസഭാ ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചതോടെ കോർപ്പറേഷൻ ഭരണസമിതി കടുത്ത പ്രതിസന്ധിയിലായി. രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയതായി ശ്രീലേഖ വ്യക്തിമാക്കി. 101 അംഗ തിരുവനന്തപുരം കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണമെന്നിരിക്കെ, 51 സീറ്റുകളോടെ ഭരണം നടത്തിയിരുന്ന ബി.ജെ.പിയുടെ അംഗബലം ശ്രീലേഖയുടെ രാജിയോടെ 50 ആയി കുറഞ്ഞു. ഇതോടെ ബി.ജെ.പിക്ക് നഗരസഭയിൽ കേവല ഭൂരിപക്ഷം നഷ്ടമാവുകയും ഭരണം തുലാസിലാവുകയും ചെയ്തു.

നിലവിൽ 101 അംഗ കോർപ്പറേഷനിൽ ബി.ജെ.പി - 50, എൽ.ഡി.എഫ് - 29, യു.ഡി.എഫ് - 20 എന്നിങ്ങനെയാണ് കക്ഷിനില. തന്റെ രാജി വിവരം ആർ. ശ്രീലേഖ തന്നെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി ഭരണത്തിലെത്തിയാൽ ആർ. ശ്രീലേഖയായിരിക്കും മേയർ എന്ന് പാർട്ടി വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ വിജയത്തിന് ശേഷം രാജേഷിനെ മേയറാക്കിയതുമുതൽ ശ്രീലേഖ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. തുടർന്ന് പാർട്ടി പരിപാടികളിൽ അർഹമായ പ്രാധാന്യം ലഭിക്കാത്തതിലും അവഗണനയിലും പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി അവർ സജീവ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 

ശ്രീലേഖയുടെ രാജി ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൗൺസിലർ സ്ഥാനം രാജിവെച്ച വിഷയത്തിൽ പാർട്ടി നേതൃത്വം അടിയന്തര ഇടപെടൽ നടത്താനും, അനുനയ ചർച്ചകളിലൂടെ രാജ പിൻവലിപ്പിക്കാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നഗരസഭയിലെ ഭരണപ്രതിസന്ധി വരുംദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ കക്ഷികളായ എൽ.ഡി.എഫും യു.ഡി.എഫും.

ENGLISH SUMMARY:

Former DGP and BJP councillor R. Sreelekha has officially submitted her resignation to Thiruvananthapuram Mayor V.V. Rajesh, creating a major political crisis for the ruling council. With her resignation, the BJP's strength in the 101-member Thiruvananthapuram Corporation has dropped from 51 to 50 seats, stripping the party of its absolute majority. Sreelekha had reportedly been distanced from party leadership ever since V.V. Rajesh was chosen for the Mayor position despite campaign projections favoring her, leading to her eventual withdrawal from active party functions over continued neglect.