ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി സമർപ്പിക്കുന്നതെന്നാണ് ആർ. ശ്രീലേഖ പുറത്തുവിട്ട ഔദ്യോഗിക വിശദീകരണമെങ്കിലും, പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയാണ് പെട്ടെന്നുള്ള രാജിക്ക പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഈ നീക്കം സൃഷ്ടിച്ചിരിക്കുന്നത്.
നിസാര ഭൂരിപക്ഷത്തിന്റെ ബലത്തിൽ നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്ക് ആർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി വലിയ രാഷ്ട്രീയ തിരിച്ചടിയും ഭരണപ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി തലസ്ഥാനത്തെ ബി.ജെ.പി ക്യാംപുകളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
രാജിയിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തെ തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പി ഭരണത്തിലെത്തിയാൽ ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമെന്ന തരത്തിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വി.വി. രാജേഷിനെ മേയറായി തിരഞ്ഞെടുത്തത് മുതൽ ബി.ജെ.പി നേതൃത്വവുമായി ശ്രീലേഖ അകൽച്ചയിലായിരുന്നു. തുടർന്ന് പാർട്ടി സംഘടിപ്പിച്ച പല പ്രധാന പരിപാടികളിലും അർഹമായ പ്രാധാന്യം ലഭിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ച് അവർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.