sreelekha-tvm

ആര്‍.ശ്രീലേഖ ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയന്‍.  രാജിവയ്ക്കേണ്ട സാഹചര്യമില്ല. മേയര്‍ രാജി സ്ഥിരീകരിച്ച കാര്യം അറിയില്ല. ആ മെസേജ് ഗ്രൂപ്പിൽ ഉണ്ടോ എന്ന് നോക്കൂ. പാർട്ടിയുമായി ശ്രീലേഖയ്ക്ക് ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും  ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. 

 

ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി ജി.മുഹമ്മദ് ഷാഫി പ്രതികരിച്ചു. മേയര്‍ക്ക് നല്‍കിയ രാജി നിയമപരമായി നില്‍ക്കുന്നതല്ല. മുനിസിപ്പല്‍ നിയമപ്രകാരം നഗരസഭ സെക്രട്ടറിക്കാണ് നല്‍കേണ്ടതെന്നും ജി.മുഹമ്മദ് ഷാഫി പറഞ്ഞു.

 

Also read: ഭൂരിപക്ഷം നഷ്ടപ്പെട്ട് ബിജെപി; തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത ഭരണപ്രതിസന്ധി

 

ആര്‍.ശ്രീലേഖ പാര്‍ട്ടിക്ക് കിട്ടിയ നിധിയെന്നായിരുന്നു ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിന്റെ പ്രതികരണം. രാജിവാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എന്തെങ്കിലും സ്ഥാനം പ്രതീക്ഷിച്ച് രാഷ്ട്രീയത്തിേലക്ക് വന്നയാളല്ല ശ്രീലേഖയെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

 

ശ്രീലേഖയുടെ രാജി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷം. ഉപതിരഞ്ഞെടുപ്പില്‍ ഇ‌‌ടത് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എസ്.പി.ദീപക് അവകാശപ്പെട്ടു. ബി.ജെ.പിയില്‍ വലിയ പൊട്ടിത്തെറിയെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.എസ്.ശബരിനാഥന്‍ പ്രതികരിച്ചു.

 

ശ്രീലേഖയുടെ രാജിയിലൂടെ ബിജെപിക്ക് അകത്തെ ജീർണതയാണ് പുറത്തുവരുന്നതെന്ന് എല്‍ഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല. അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി. നഗരസഭ ഭരണത്തിൽ തിരുവനന്തപുരത്തെ എല്‍ഡിഎഫ് നിലപാട് സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു

 

തിരുവനന്തപുരം നഗരസഭയില്‍ രാഷ്ട്രീയ സാഹചര്യ അനുകൂലമായാല്‍ സിപിഎം അത് ഉപയോഗിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഓഫറുകള്‍ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന ആളാണ് ശ്രീലേഖയെന്നും അവര്‍ എങ്ങോട്ട് വേണമെങ്കിലും പോകാമെന്നും എം.വി ഗോവിന്ദന്‍ പാലക്കാട് മാധ്യമങ്ങളോട് പറ‍ഞ്ഞു. 

 

ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചായിരുന്നു ആര്‍.ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത ഇന്ന് പുറത്തു വന്നത്. അപ്രതീക്ഷിത രാജി തലസ്ഥാനത്ത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായി. വ്യക്തിപരമായ കാരണമെന്നാണ് വിശദീകരണമെങ്കിലും മേയര്‍സ്ഥാനം ലഭിക്കാത്തതില്‍ ശ്രീലേഖ പ്രതിഷേധത്തിലായിരുന്നു. ബിജെപി നേതാക്കളില്‍ പലരും മാധ്യമങ്ങളിലൂടെയാണ് രാജിവാര്‍ത്തയറിഞ്ഞത്. രാജിയോടെ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് ഭരണ പ്രതിസന്ധിയായി. 101 അംഗങ്ങളുളള നഗരസഭയില്‍ ശ്രീലേഖയുടെ രാജിയോടെ ബിജെപിക്ക് 50 അംഗങ്ങളായി അംഗസംഖ്യ കുറഞ്ഞു. എല്‍ഡിഎഫിന് 29, യുഡിഎഫ് 19, സ്വതന്ത്രന്‍ 1 എന്ന നിലയിലാണ് നിലവില്‍ കോര്‍പറേഷനിലെ അംഗസംഖ്യ. വ്യക്തിപരമായ കാരണമെന്ന് വിശദീകരിച്ച് 30ന് ശ്രീലേഖ കത്തുനല്‍കിയിരുന്നുവെന്ന് മേയര്‍ വി.വി.രാജേഷ് പ്രതികരിച്ചു

ENGLISH SUMMARY:

R Sreelekha has not resigned from her councillor post according to the district president, who stated there is no disagreement with the party. The news of her resignation has caused a political stir in Thiruvananthapuram Corporation, with various party leaders offering contrasting opinions.