Image; Manorama
സിപിഎം സംസ്ഥാന സെക്രട്ടറിയും സമുന്നത നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ വിസ്മരിച്ച് പിണറായി വിജയനും എം.വി.ഗോവിന്ദനും. തലശ്ശേരിയില്‍ ഓര്‍മദിനത്തിലെ പരിപാടിയില്‍ ഇരുനേതാക്കളും പങ്കെടുക്കില്ല. തിരുവനന്തപുരം– തൃശൂര്‍ ജില്ലാസമിതികളില്‍ പങ്കെടുക്കുന്നതിനാലാണ് അസാന്നിധ്യമെന്ന് പാര്‍ട്ടി വിശദീകരിക്കുന്നുവെങ്കിലും ഓര്‍മ ദിവസം പാര്‍ട്ടി കമ്മിറ്റികള്‍ വെച്ചതില്‍ കോടിയേരിയുടെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഉന്നത നേതാക്കളില്ലാതെയാണ് തലശേരിയിലെ കോടിയേരി ഓര്‍മദിനം.
കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞ് നാലാം വര്‍ഷമാണിന്ന്. കഴിഞ്ഞ മൂന്ന് വര്‍ഷം തലശ്ശേരിയിലെ കോടിയേരിയുടെ വീട്ടില്‍ ഓര്‍മദിനത്തിന് പിണറായിയും എം.വി.ഗോവിന്ദനും ഒന്നിച്ചെത്തി. എന്നാല്‍ നാലാം വര്‍ഷമായതോടെ കോടിയേരി വിസ്മരിക്കുകയാണ് ഇരു നേതാക്കളും. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഉന്നത നേതാക്കളില്ലാതെയാണ് തലശേരിയിലെ കോടിയേരി ഓര്‍മദിനം കടന്നുപോകുന്നത്. പാര്‍ട്ടിയില്‍ കോടിയേരിയുടെ സന്തതസഹചാരിയായിരുന്ന പിണറായി വിജയനും പിന്‍ഗാമിയായ എം.വി.ഗോവിന്ദനും തലശേരിയില്‍ എത്തില്ല എന്നത് കോടിയേരിയെ സ്നേഹിക്കുന്നവരെ ഞെട്ടിച്ചിരിക്കെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം കോടിയേരിയിലെ വീട്ടിലെത്തിയിരുന്ന ഇരു നേതാക്കളും ഇത്തവണ മനഃപൂര്‍വം മാറി നില്‍ക്കുന്നുവെന്ന വികാരം അണികള്‍ക്കിടിയില്‍ ശക്തമാണ്.
പാര്‍ട്ടിയുടെ വിശാല ജില്ലാ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ തിരുവനന്തപുരത്തും എം.വി.ഗോവിന്ദന്‍ തൃശൂരിലുമാണെന്ന് പാര്‍ട്ടി ന്യായീകരിക്കുന്നു. എന്നാല്‍ കോടിയേരിയുടെ ഓര്‍മദിനം ഒക്ടോബര്‍ 1 ആണ് എന്ന് അറിയാമായിരിക്കെ ഇരുവരും മറ്റ് ജില്ലകളില്‍ പരിപാടികള്‍ തീരുമാനിച്ചത് മനഃപൂര്‍വമാണെന്ന വികാരം കുടുംബത്തിനുമുണ്ട്. കോടിയേരിയുടെ ഭാര്യ വിനോദിനി പിണറായിയെപ്പറ്റി താല്പര്യമില്ലാതെ സംസാരിക്കുന്ന ഒരു ടെലിഫോണ്‍ സംഭാഷണം പാര്‍ട്ടിക്കുള്ളില്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ഫോണ്‍ എടുക്കാറില്ലെന്ന് എം.വി.ഗോവിന്ദനെ ലക്ഷ്യമിട്ട് വിനോദിനി ബാലകൃഷ്ണന്‍ ഒരു മാസികക്ക് അഭിമുഖവും നല്‍കിയിരുന്നു. ഇതില്‍ ഇരു നേതാക്കള്‍ക്കുമുള്ള അതൃപ്തിയാണ് വിട്ടു നില്‍ക്കാന്‍ കാരണമെന്നും സൂചനയുണ്ട്. അസുഖബാധിനായി കിടന്ന കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിലും കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കാത്തതിലും പാര്‍ട്ടിയിലെ കോടിയേരി അനുകൂലികള്‍ക്ക് അന്നു മുതല്‍ തന്നെ കടുത്ത അമര്‍ഷമുണ്ട്. ഇത് രൂക്ഷമാക്കുന്നതാണ് ഇപ്പോള്‍ ഇരുനേതാക്കളുടെയും അസാന്നിധ്യം.