സുമേഷ് അച്ചുതൻ MLA ആയതോടെ പാലക്കാട് ചിറ്റൂർ-തത്തമംഗലം നഗരസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ LDF ന് അട്ടിമറി വിജയം. വോട്ടെടുപ്പിൽ തുല്യ നില വന്നതോടെ നറുക്കെടുപ്പിൻ്റെ ഭാഗ്യത്തിലാണ് LDF ജയിച്ച് കയറിയത്. മുൻ എംഎൽഎ കെ. അച്യുതൻ്റെ സഹോദരൻ കെ.മധു പരാജയപ്പെട്ടത് UDFന് ജില്ലയിൽ തിരിച്ചടിയായി.
ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൺ ആയിരുന്ന സുമേഷ് അച്ചുതൻ MLA ആയി വിജയിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലാണ് UDF തിരിച്ചടി നേരിട്ടത്. നഗരസഭ 24-ാം വാർഡിൽ UDF ഉം LDFഉം 433 വോട്ട് വീതം നേടി ഫോട്ടോ ഫിനിഷിൽ എത്തി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച LDF ലെ വി. തുളസീധരൻ വിജയിച്ച് കയറി. മുൻ ചിറ്റൂർ എംഎൽഎ കെ. അച്യുതന്റെ സഹോദരൻ കെ.മധുവിന്റെ തോൽവി യുഡിഎഫിന് കനത്ത ആഘാതമായി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സുമേഷ് അച്യുതൻ പ്രതികരിച്ചു.
അതേസമയം, ആലത്തൂർ എംഎൽഎയായി വിജയിച്ച സിപിഎമ്മിലെ ടിഎം ശശി പ്രതിനിധീകരിച്ച ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷൻ LDF 8084 വോട്ടിൻ്റെ വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തി. ജില്ലയിലെ ഏഴടങ്ങിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷൻ UDF ൽ നിന്ന് LDF പിടിച്ചെടുത്തു. DYFI നേതാവ് പീഡന ആരോപണം നേരിട്ട് രാജിവച്ച ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിമൂന്നാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. കരിമ്പ പഞ്ചായത്ത് 13-ാം വാർഡ് UDF നിലനിർത്തിയതോടെ പഞ്ചായത്തിലെ ഭരണമാറ്റ പ്രതിസന്ധി ഒഴിവായി.