oj-janeesh-udf

അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കി മന്ത്രി ഒ.ജെ.ജനീഷ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് ജനീഷ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ് പിന്‍ലിച്ചതെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പിന്നാലെ വിശദീകരണവുമായെത്തിയ ജനീഷ് ഈ ആരോപണം തള്ളി.

പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് ജനീഷ് പറഞ്ഞു. സോഷ്യൽ മീഡിയ ടീമാണ് പോസ്റ്റിട്ടത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് പോസ്റ്റ്. എന്നാൽ മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാം അതുകൊണ്ട് പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നുവെന്നും ജനീഷ്.

ജനീഷ് പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം: ‘കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.

പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സിപിഎം– ഡിവൈഎഫ്ഐക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.

ENGLISH SUMMARY:

Youth Congress State President and Minister O.J. Janeesh deleted a social media video depicting a Youth Congress protest against Union Home Minister Amit Shah. The deletion triggered political controversy, with opposition leaders alleging that the post was removed following direct instructions from the Chief Minister. However, Janeesh firmly dismissed these claims, clarifying that the video was initially uploaded by his social media management team. He further explained that the post was removed solely by his office to prevent any political misunderstanding arising from a Youth Congress campaign being shared on his official ministerial platform.