പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎക്കെതിരെ കെ.ബി.ഗണേഷ് കുമാർ. തന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം സഞ്ജു.പി.സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എംഎൽഎ സംരക്ഷിക്കുകയാണെന്ന് ഗണേഷ്കുമാർ ആരോപിച്ചു. പത്തനാപുരത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.
'ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്‍റെ അഹങ്കാരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കില്ല. സമാധാനം തകര്‍ക്കാന്‍ അധികാര ഹുങ്കിന്‍റെ തണലില്‍ നടത്തുന്ന ഏത് ശ്രമത്തെയും എതിര്‍ക്കും' എന്നും ഗണേഷ്കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
25 വര്‍ഷത്തിനു ശേഷം എംഎല്‍എയുടെ ഓഫീസില്‍ ഗുണ്ടകളെ പാര്‍പ്പിക്കുകയാണ്. കാപ്പ കേസ് പ്രതികളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകരും എംഎല്‍എ ഓഫീസ് താവളമാക്കി. സഞ്ജു സുഹൃത്തിനെ കണ്ട് സംസാരിക്കുമ്പോള്‍ കരുതിക്കൂട്ടി ആക്രമിക്കാന്‍ വേണ്ടി ആയുധങ്ങളുമായി എത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം പ്രതികള്‍ എംഎല്‍എ ഓഫീസിലെത്തി. പൊലീസെത്തിയപ്പോള്‍ മതില്‍ ചാടി ഓടി എന്നും ഗണേഷ്കുമാര്‍ ആരോപിച്ചു. ഇത് ഇവിടെ വച്ച് അവസാനിപ്പിക്കണമെന്നും ഗൂഡാലോചന എവിടെ നിന്ന് വന്നെന്ന് അന്വേഷിക്കണമെന്നും ഗണേഷ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് പത്തനാപുരത്ത് വെച്ച് കേരള കോൺഗ്രസ് (ബി) പ്രവർത്തകനും മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ സഞ്ജു പി. സമ്മിനെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് സംഘം ആക്രമിച്ചത്. ഇതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ബി) പ്രവർത്തകർ പത്തനാപുരം എം.എൽ.എ. ജ്യോതികുമാർ ചാമക്കാലയുടെ ഓഫീസിന് മുന്നിൽ ബുധനാഴ്ച രാത്രി പ്രതിഷേധിച്ചിരുന്നു.