• 10 വര്‍ഷം പഴക്കമുള്ള വണ്ടിയാണ് കെ.എം. ഷാജി ഉപയോഗിച്ചതെന്നും ജനീഷിനോട് വിദേശത്തേക്ക് പോകാന്‍ പറഞ്ഞത് താനാണെന്നും മുഖ്യമന്ത്രി

സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ദുരിത ബാധിത മേഖല സന്ദര്‍ശിക്കാന്‍ യാത്ര ചെയ്തതിനെ ന്യായീകരിച്ച്  മുഖ്യമന്ത്രി വി.ഡി.സതീശന്‍. സര്‍ക്കാര്‍ പണം ചെലവാക്കിയല്ല താന്‍ യാത്ര ചെയ്തതെന്നും ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദുരന്തനിവാരണത്തില്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താന്‍ ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം യാത്രകള്‍ക്ക് ചെലവാക്കാനുള്ളതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്‍മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 

മന്ത്രിമാരുള്‍പ്പെട്ട യാത്രാ–വാഹന വിവാദത്തിലും മുഖ്യമന്ത്രി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സുഹൃത്തിന്‍റെ വാഹനം മന്ത്രി കെ.എം.ഷാജി ഉപയോഗിച്ചതില്‍ അപാകത ഇല്ലെന്നും മന്ത്രി ജനീഷ് കുമാര്‍ വിദേശത്ത് പോയതിലെന്താണ് കുഴപ്പമെന്നും പരിപാടികള്‍ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ സംഘടനകള്‍ ടിക്കെറ്റടുത്ത് നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി ചോദ്യമുയര്‍ത്തുന്നു. 10 വര്‍ഷം പഴക്കമുള്ള വണ്ടിയാണ് കെ.എം. ഷാജി ഉപയോഗിച്ചതെന്നും ജനീഷിനോട് വിദേശത്തേക്ക് പോകാന്‍ പറഞ്ഞത് താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിക്കറ്റെടുത്ത് നല്‍കുന്നവര്‍ ഔദാര്യം പറ്റാന്‍ നില്‍ക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനരീതിയില്‍ യാത്ര ചെയ്തവരുടെ പട്ടിക തന്‍റെ കയ്യിലുണ്ടെന്നും അത് വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒന്‍പതു പേരാണ് മരിച്ചത്. ഇഎസ്എയില്‍ ആശങ്ക വേണ്ടെന്നും ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan defended using a chartered flight to visit flood-affected areas, clarifying that no government funds were spent. Speaking at a press conference, he also backed Ministers K.M. Shaji and Geneish Kumar over recent travel controversies and announced ₹8 lakh aid for families of rain tragedy victims