പി.എ.മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും എതിരായ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തിപരമായ വേട്ടയാണെന്ന് മുന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പണ്ട് നാട്ടിന്‍പുറങ്ങളില്‍ കുടിയന്മാര്‍ക്ക് കള്ളുവാങ്ങിക്കൊടുത്ത് മാന്യന്മാരെ ചീത്തവിളിപ്പിച്ചിരുന്നത് പോലുള്ള പണിയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഷംസീര്‍ തുറന്നടിച്ചു. ‘വ്യക്തിപരമായി ആക്ഷേപിക്കുക, മാക്സിമം ടാര്‍ജറ്റ് ചെയ്യുക, ടാര്‍ണിഷ് ചെയ്യുക... ഈ പരിപാടിണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സംശയവും വേണ്ട, റിയാസും വീണയും പൂര്‍ണമായും അവരുടെ നിരപരാധിത്വം തെളിയിക്കും.’ – മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷംസീര്‍ പറഞ്ഞു.
റിയാസിനും വീണയ്ക്കുമെതിരായ ആക്രമണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ഷംസീര്‍ ഓര്‍മിപ്പിച്ചു. ‘എത്രകാലമായി ഇത് തുടങ്ങിയിട്ട്. റിയാസിനെ ആക്രമിക്കാന്‍ തുടങ്ങിയത് 2009ലാണ്. ഫാരിസ് അബൂബക്കറിന്‍റെ മരുമകന്‍ എന്നൊക്കെയാണ് അന്ന് പറഞ്ഞത്. ആ ഘട്ടത്തില്‍ ഫാരിസ് അബൂബക്കറിനെ റിയാസിന് അറിയുകപോലുമില്ല. എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴും അവന്‍ കണ്ടിട്ടില്ല.’ – ഷംസീര്‍ പറഞ്ഞു.
തന്‍റെ മുത്തശ്ശി മരിച്ച സമയത്ത് റിയാസ് വീട്ടിലെത്തിയപ്പോള്‍ സംഭവിച്ച കാര്യവും ഷംസീര്‍ പങ്കുവച്ചു. ‘എന്‍റെ ഒരനുഭവം പറയാം. എന്‍റെ മുത്തശ്ശി മരിച്ചപ്പോള്‍ റിയാസ് വന്നു. കബറടക്കത്തിന് മുന്‍പുള്ള ചടങ്ങുകള്‍ നടക്കുന്ന സമയമാണ്. അപ്പോള്‍ ഒരു ഉസ്താദ് എന്നെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. അദ്ദേഹം റിയാസിനെ ചൂണ്ടിക്കാണിച്ച് ചോദിച്ചു, ‘റിയാസ് അല്ലേ അത്?’. അതേ, എന്ന് ഞാന്‍ പറഞ്ഞു. പിന്നെ അയാള്‍ പോകുന്നില്ല. എന്താ നിങ്ങള്‍ പോകാത്തത് എന്ന് ചോദിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു, ‘നിങ്ങള്‍ റിയാസിനോട് ഒരു ശുപാര്‍ശ ചെയ്യണം, ഫാരിസിനോട് പറഞ്ഞ് എനിക്ക് ഒരു വീട് വച്ചുതരണം’ എന്ന്. ആലോചിച്ചുനോക്കൂ, ഒരു തിരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ മെനഞ്ഞെടുത്ത ഒരു കഥ ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം ഇംപാക്ട് ഉണ്ടാക്കി എന്നുള്ളതാണ്. ആ കഥ ജനങ്ങള്‍ വിശ്വസിച്ചു. അവരുടെ ധാരണ റിയാസ് ഫാരിസിന്‍റെ അടുത്ത ബന്ധുവാണെന്നാണ്.’ ഷംസീര്‍ പറഞ്ഞു.
‘ആ ഉസ്താദ് പറയുകയാണ്, നീയൊന്ന് റിയാസിനോട് പറയണം, നിങ്ങളൊന്ന് പറഞ്ഞാല്‍ അയാള്‍ എനിക്കൊരു വീട് വച്ചുതരും എന്ന്. ഞാന്‍ പറഞ്ഞു, ഓന് ഫാരിസിനെയൊന്നും അറിയില്ല. ഞാന്‍ റിയാസിനോട് തന്നെ ഈ കഥ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള പല കഥകളാണ് പ്രചരിപ്പിച്ചത്. എന്തെല്ലാം കഥകള്‍! റിയാസ് ആകട്ടെ, ഞാന്‍ ആകട്ടെ നമ്മളെപ്പറ്റി എന്തെല്ലാം കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. ഇത് കേള്‍ക്കുക എന്നല്ലാതെ വേറെ എന്തുചെയ്യാന്‍ പറ്റും? സാധാരണ ഈ ആക്രമണം വരുമ്പോള്‍ വസ്തുതയുണ്ടെങ്കില്‍ ആളുകള്‍ക്ക് ക്ഷീണമാകുമല്ലോ. ഒരു ക്ഷീണവും ഇല്ലാതെ അതിന്‍റെ എ ടു സെഡ് പ്രവര്‍ത്തനങ്ങള്‍ കോഓര്‍ഡിനേറ്റ് ചെയ്തത് റിയാസാണ്. ഒരു സംശയവും വേണ്ട.’ – ഷംസീര്‍ പറഞ്ഞു. Read More: ഞാന്‍ ഒരു ‘കള്‍ച്ചറല്‍ മുസ്‍ലിം’ ആണ്...
ഇഡി കേസ് റിയാസിനോട് സംസാരിച്ചിട്ടുണ്ടോ?
ഞാന്‍ അപ്പോള്‍ത്തന്നെ വിളിച്ചുപറഞ്ഞു, ഒരു നിമിഷം പോലും പതറിപ്പോകേണ്ട, നമ്മളെല്ലാം കൂടെയുണ്ട് എന്ന്. പിന്നെ അവന്‍ ഓണത്തിന് തലശേരിയിലെ വീട്ടില്‍ വന്നിരുന്നു. ആ ഘട്ടത്തില്‍ ഞാന്‍ കണ്ടിരുന്നു.
റിയാസിന്‍റെ സംഘടനാപരമായ വളര്‍ച്ചയും ഭരണതലത്തിലെ അവസരങ്ങളും എവിടെയൊക്കെയോ ഷംസീറിന് ഒരു തടസമായി എന്നൊരു ചര്‍ച്ച പണ്ടുമുതലേ ഉണ്ട്. അത് വസ്തുതയാണോ?
അത് ഒരു ആഖ്യാനം മാത്രമാണ്. നിങ്ങള്‍ സൃഷ്ടിച്ച ഒരു നരേഷന്‍ മാത്രമാണ്. നിങ്ങള്‍ക്ക് എപ്പോഴും ഒരാളെ മറുചേരിയില്‍ നിര്‍ത്തണം. റിയാസ് ഒരുഭാഗത്ത്, ഞാന്‍ ഒരുഭാഗത്ത്... റിയാസും ഞാനും ഒന്നിച്ച് എസ്എഫ്ഐയില്‍ ഉണ്ടായിരുന്ന ആളുകളാണ്. ഞങ്ങള്‍ എസ്എഫ്ഐയില്‍ തന്നെ തുടര്‍ന്നു, ഓന്‍ ഡിവൈഎഫ്ഐയിലേക്ക് പോയി. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞാന്‍ പോയി താമസിക്കാറുണ്ട്. എന്‍റെ വീട്ടില്‍ അദ്ദേഹം വന്ന് താമസിക്കാറുണ്ട്. വ്യക്തിപരമായി വളരെ അടുപ്പവും സ്നേഹവുമുണ്ട്. പരസ്പരം ഫോണില്‍ വിളിക്കുന്നവരാണ്.
ഒരു വ്യക്തിപരമായ പ്രയാസവും പ്രശ്നവും ഞങ്ങള്‍ തമ്മില്‍ ഇല്ല. നല്ല സ്നേഹവും നല്ല സൗഹൃദവുമാണ്. ഏതാണ്ട് കാല്‍നൂറ്റാണ്ടിലേറെയായി ബന്ധമുണ്ട്. ഓന്‍റെ ഫാദര്‍ സുഖമില്ലാതിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഓന്‍ എന്‍റെ വീട്ടില്‍ എന്താവശ്യം വന്നാലും വരുന്നയാളാണ്. അങ്ങനെ നല്ലൊരു സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ട്. പിന്നെ പാര്‍ട്ടിക്കകത്തെ പ്രമോഷന്‍ എന്ന് പറയുമ്പോള്‍ ചില ജ്യോഗ്രഫി കൂടി പരിഗണിക്കുമല്ലോ. കണ്ണൂര്‍ മാത്രമല്ലല്ലോ കേരളം. കണ്ണൂരിന് പുറത്ത് മറ്റുജില്ലകളും ഉണ്ടല്ലോ. അപ്പോള്‍ കണ്ണൂരിലെ സീനിയോറിറ്റി പരിഗണിച്ചാല്‍ എന്നേക്കാള്‍ മുതിര്‍ന്ന ഒരുപാട് ആളുകള്‍ ഉണ്ട്. കോഴിക്കോട് വരുമ്പോള്‍, അത് കേരളത്തില്‍ പാര്‍ട്ടിയുടെ ഒരു പ്രധാന ജില്ലയാണ്. ആ ജില്ലയില്‍ നിന്നായതുകൊണ്ട് അവന്‍ വന്നു, അത്രേയുള്ളു.
പുറത്തുനിന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെയുള്ള ഒരു കിടമല്‍സരവും ഇല്ല?
ഒരു കിടമല്‍സരവും ഇല്ല. ഞങ്ങള്‍ തമ്മില്‍ വളരെ സ്നേഹവും വളരെ സൗഹൃദവുമാണ്.
എല്ലാ അര്‍ഥത്തിലും വലിയ സ്നേഹമാണ്?
അതെ. നല്ല സ്നേഹമാണ്.
പുറത്ത് പ്രചരിപ്പിക്കുന്ന മൂപ്പിളമത്തര്‍ക്കങ്ങളെക്കുറിച്ച് നിങ്ങള്‍ പരസ്പരം സംസാരിച്ചിട്ടുണ്ടോ?
അത് നമ്മള്‍ തമ്മില്‍ പരസ്പരം സംസാരിക്കുമോ. എന്താണ് തര്‍ക്കം? എങ്ങനെയാണ് തടസം വരിക? ഞങ്ങള്‍ തമ്മില്‍ തര്‍ക്കം വരേണ്ട കാര്യമെന്താ? ഈ പാര്‍ട്ടിക്കകത്ത് കഴിവും പ്രാപ്തിയും ഉള്ളവര്‍ ഉയര്‍ന്നുവരും. അങ്ങനെയേ ഞങ്ങള്‍ കാണുന്നുള്ളു. ഒരാള്‍ക്കും ഒരാളെയും തടയാന്‍ സാധിക്കില്ല. റിയാസ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്, മലബാറിലെ പ്രധാനപ്പെട്ട സിപിഎം നേതാവാണ്. സ്വാഭാവികമായും അദ്ദേഹം നമ്മളെപ്പോലെ തന്നെ ഉള്ളയാളാണ്. ദീര്‍ഘകാല അനുഭവപരിചയം ഉള്ളയാളാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് ഉയര്‍ന്നുവന്നു. അതിനൊക്കെ നമ്മള്‍ ഇങ്ങനെ ചിന്തിച്ചുനടന്നാലോ. റിയാസും ഞാനും തമ്മില്‍ തര്‍ക്കം എന്നതൊക്കെ നിങ്ങള്‍ ഉണ്ടാക്കുന്ന സ്റ്റോറിയാണ്. പക്ഷേ നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) ജനങ്ങളുടെ മനസില്‍ അങ്ങനെ സ്ഥാപിച്ചെടുക്കാന്‍ പറ്റി എന്നത് വസ്തുതയാണ്. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല!