cpm-district-secretaries-reshuffle-kk-ragesh-v-joy
  • ജി. സുധാകരന്‍റെ ഉള്‍പ്പടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത ആലപ്പുഴ ജില്ല സെക്രട്ടറിക്കും സ്ഥാനചലന ഭീഷണിയുണ്ട്

സംസ്ഥാനതലത്തിന് പിന്നാലെ ജില്ലാ തലത്തിലും അഴിച്ചുപണിക്ക് സിപിഎം. കണ്ണൂരിലടക്കം നാല് ജില്ലാ സെക്രട്ടറിമാരെ മാറ്റുന്നത് നേതൃത്വത്തിന്‍റെ ആലോചനയില്‍. ജില്ലാ സെക്രട്ടറിയേറ്റുകളിലും ജില്ലാ കമ്മിറ്റികളിലും യുവാക്കളെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടനയാണ് നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാന പാര്‍ട്ടിയില്‍ ചികില്‍സ നടത്താനെത്തിയ ജനറല്‍ സെക്രട്ടറി സംസ്ഥാന നേതൃത്വത്തില്‍ നടത്തിയ ഉടച്ചുവാര്‍ക്കല്‍ ഇവിടെകൊണ്ട് അവസാനിക്കില്ലെന്നാണ് സിപിഎമ്മില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. പാര്‍ട്ടിയില്‍ സംഘടന പ്രശ്നങ്ങളുള്ള ജില്ലകളില്‍ അഴിച്ചുപണി വന്നേക്കും. കണ്ണൂര്‍ ജില്ല സെക്രട്ടറി  കെ.കെ.രാഗേഷ്, തിരുവനന്തപുരം ജില്ല സെക്രട്ടറി വി.ജോയ്, കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ എന്നിവര്‍ക്ക് മാറ്റം വരാനാണ് സാധ്യത. 

പി.ജയരാജന്‍റെ വരവ് കെ.കെ. രാഗേഷിന് ഭീഷണിയാണ്. എം.എല്‍എയായ തിരുവന്തപുരം ജില്ലാ സെക്രട്ടറിക്ക് പകരം പകരം ആളെ കണ്ടെത്തും. ആരോഗ്യപ്രശ്നങ്ങളാണ് കൊല്ലത്ത് സെക്രട്ടറി പദവിയിലെ അഴിച്ചുപണിക്ക് സാധ്യത നല്‍കുന്നത്.  പാര്‍ട്ടിയില്‍ ജി. സുധാകരന്‍റെ ഉള്‍പ്പടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത ആലപ്പുഴ ജില്ല സെക്രട്ടറിക്കും സ്ഥാനചലന ഭീഷണിയുണ്ട്. 

ജില്ലാ തലങ്ങളില്‍ വിശാലമായ കമ്മിറ്റികള്‍ വിളിക്കുന്നതോടെ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലുമുള്‍പ്പെട വലിയ മാറ്റങ്ങള്‍ വരും. 14 ജില്ലകളിലും  യുവാക്കള്‍ കമ്മിറ്റികളിലേക്ക് കൂടുതല്‍ വരണമെന്നാണ് പാര്‍ട്ടി തീരുമാനം. വര്‍ഗബഹുജന സംഘടകളിലും നേതൃത്വത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.  വിശാല സംസ്ഥാന സമിതിയില്‍ നടത്തിയത് മൈനര്‍ സര്‍ജറിയാണെന്നും മേജര്‍ സര്‍ജറി പാര്‍ട്ടിയില്‍ വരാനിരിക്കുന്നേയുള്ളൂവെന്നും കേന്ദ്രനേതൃത്വം സൂചിപ്പിക്കുന്നു.

സിപിഎം നേതൃത്വത്തില്‍ സമ്മേളനങ്ങളില്‍ മാത്രമേ അഴിച്ചുപണി നടക്കൂ എന്ന പൊതുരീതിയാണ് പിബി ഇടപെട്ട് തിരുത്തിയത്. 2028 മാര്‍ച്ചില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി നേതൃത്വം എങ്ങനെയാവുമെന്നതിന്‍റെ സൂചനയാണ് കോഴിക്കോട് കണ്ടത്. ഇതിന്‍റെ പ്രതിഫലനം ജില്ലയില്‍ വൈകാതെ വരുന്നതോടെ ജനങ്ങള്‍ക്ക് പാര്‍ട്ടിയോട് വിശ്വാസം ഉണ്ടാകുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.

ENGLISH SUMMARY:

The CPI(M) is planning a major organizational reshuffle across its district units in Kerala following recent restructuring at the state leadership level. Reports suggest that key district secretaries, including Kannur's K.K. Ragesh, Thiruvananthapuram's V. Joy, Kollam's S. Sudevan, and the Alappuzha district secretary, are likely to be replaced. The party leadership aims to induct younger faces into district secretariats and district committees across all 14 districts to strengthen organizational efficiency. Political shifts such as P. Jayarajan's potential return in Kannur and dual responsibilities for MLA V. Joy are influencing these proposed changes. Party insiders indicate that the Politburo-driven interventions mark a significant departure from traditional conference-bound leadership transitions as the party prepares for its 2028 State Conference.