പൊതുവിടങ്ങളിലെ പെരുമാറ്റത്തില്‍ നേതാക്കള്‍ക്ക് ജാഗ്രതക്കുറവെന്ന് സിപിഎമ്മിന്‍റെ പാര്‍ട്ടി രേഖ. യോഗങ്ങളില്‍ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോളും ചില നേതാക്കള്‍ ജാഗ്രത കാണിക്കുന്നില്ലെന്നാണ് വിമര്‍ശനം. പെരുമാറ്റത്തില്‍ വലിയ ജാഗ്രതക്കുറവ് സംഭവിക്കുന്നുവെന്നും പൊതുയോഗങ്ങളില്‍ സംസാരിക്കുന്നതിന്‍റെ ശൈലി മാറ്റണമെന്നും രേഖയില്‍ ആവശ്യമുണ്ട്. Also Read: നേതാക്കള്‍ സ്വത്ത് വെളിപ്പെടുത്തണം
അതിനിടെ, സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കണ്ണൂര്‍ ഘടകം. താഴേത്തട്ടിലുള്ളവര്‍ക്കല്ല, നേതൃത്വത്തിനാണ് പാര്‍ലമെന്‍ററി വ്യാമോഹമെന്ന് വിശാല സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ തുറന്നടിച്ചു. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്ന വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിയില്‍ മുറിവേറ്റ കണ്ണൂരിലെ നേതാക്കള്‍ മയപ്പെടുത്താന്‍ തയാറായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വ്യവസ്ഥ സംസ്ഥാന സെക്രട്ടേറിയറ്റ് തരാതരം പോലെ മാറ്റി. തീരുമാനങ്ങള്‍ പലതും ഏകപക്ഷീയമായിരുന്നെന്നും കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ ആഞ്ഞടിച്ചു. ഇതോടെ ഇന്നത്തെ ചര്‍ച്ചയില്‍ മയം വേണ്ടെന്ന നിലപാട് മറ്റ് ജില്ലാഘടകങ്ങളും സ്വീകരിക്കുകയായിരുന്നു. മൂന്നാമതും അധികാരത്തിലെത്തുമെന്ന് അമിത വിശ്വാസമുണ്ടായെന്നും ജനവികാരമെന്തെന്ന് തിരിച്ചറിയുന്നതില്‍ സെക്രട്ടേറിയറ്റ് പരാജയപ്പെട്ടുവെന്നും വിമര്‍ശനങ്ങള്‍ നിറഞ്ഞു.
തിരുവനന്തപുരത്ത് വി.ജോയിയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്നും പാര്‍ട്ടിയില്‍ യോഗ്യരായ മറ്റാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലേയെന്നും തൃശൂര്‍ ഘടകം വിമര്‍ശനം ഉന്നയിച്ചു. അതേസമയം, വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും മറ്റുള്ളതെല്ലാം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.പി.ജയരാജന്‍റെ പ്രതികരണം.