sudhakaran-salam

ജി.സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്.സലാം. സുധാകരന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക സ്രോതസ്സും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്.സലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കണമെന്നും, 2021-ൽ പാർട്ടി ആവശ്യങ്ങൾക്കായി പിരിച്ചെടുത്ത തുകയുടെ കണക്കുകൾ പരസ്യപ്പെടുത്തണമെന്നും പോസ്റ്റിൽ സലാം ആവശ്യപ്പെടുന്നു. 

ജി.സുധാകരനും എച്ച്.സലാമും തമ്മിൽ നിലനിൽക്കുന്ന പരസ്യമായ പോരിന്‍റെ തുടർച്ചയായാണ് പുതിയ ഫേസ്ബുക്ക് കുറിപ്പ്. സിപിഎം ഇപ്പോൾ പിരിവിലേക്കും റാലികളിലേക്കും മാത്രമായി ചുരുങ്ങിയെന്ന ജി.സുധാകരന്‍റെ മുൻ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഫേസ്ബുക്ക് പോസ്റ്റ്. മുൻപ് നിരന്തരം ലക്ഷങ്ങൾ കണക്കില്ലാതെ പിരിച്ചെടുത്ത ചരിത്രമുള്ള സുധാകരന് ഇപ്പോൾ പിരിവിനോട് പുച്ഛമാണെന്ന് പോസ്റ്റിൽ പരിഹസിക്കുന്നു. 

സ്വന്തം പേരിലും ഭാര്യയുടെ പേരിലും വാങ്ങിയ ഭൂമി, ഫ്ലാറ്റുകൾ, മകന്‍റെയും മരുമകളുടെയും പേരിലുള്ള സ്വത്തുക്കൾ എന്നിവയുടെ വിശദാംശങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ സുധാകരൻ തയ്യാറാകണമെന്നും സലാം അക്കമിട്ട് ആവശ്യപ്പെട്ടു. സുധാകരൻ സ്വന്തം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നാണ് പ്രധാന വിമർശനം. നേതാക്കൾ തമ്മിലുള്ള തുറന്ന വാക്‌പോര് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

ENGLISH SUMMARY:

Political allegations have surfaced against K. Sudhakaran from H. Salam, who is demanding transparency regarding Sudhakaran's and his family's financial sources and assets. This latest Facebook post continues the public dispute between the two leaders and is seen as a response to Sudhakaran's previous remarks about party fundraising.