ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെതിരെ രൂക്ഷമായ പരിഹാസവുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. ‘നാടൻപാട്ട് നിർത്തി നാടൻ തല്ല് നടത്തുന്നത് അത്ര രമ്യമല്ല എന്നാണ് വസന്ത് സിറിയക് ഫെയ്സ്ബുക്കിൽ കുറിച്ചത്. പാട്ടുപാടുന്നത്ര എളുപ്പമല്ല പാർട്ടിക്കാരെ കൂടെ നിർത്താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

നേരത്തേ, കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രമ്യ ഹരിദാസിനെതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ’ എന്നായിരുന്നു റിജിലിന്റെ കുറിപ്പ്. രമ്യ ഹരിദാസിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. എംഎൽഎ ഉൾപ്പെട്ട തമ്മില്‍ത്തല്ല് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് പ്രസഡിന്‍റ് സണ്ണി ജോസഫും കെ.മുരളീധരനും തുറന്നടിക്കുകയും ചെയ്തു.

പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ കെപിസിസി കടുത്ത അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. തന്‍റെ സ്റ്റാഫാണെന്ന് രമ്യ ഹരിദാസ് വാദിക്കുന്ന പാളയം പ്രദീപാണ് നടപടി നേരിട്ടവരില്‍ ഒരാള്‍. കയ്യാങ്കളി നടന്ന ചിറയിന്‍കീഴിലെ വീട്ടുടമയും പ്രാദേശിക നേതാവുമായ എസ്.സജാദിനേയും പാ‍ര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്കം ലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ രമ്യ ഹരിദാസ് എംഎല്‍എയെ നേതൃത്വം തൊട്ടില്ല.

ആരോപണ വിധേയനായ പാളയം പ്രദീപ് അഡീഷണൽ പിഎ എന്നായിരുന്നു രമ്യ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഔദ്യോഗിക സ്‌റ്റാഫിന്‍റെ പട്ടികയിൽ പാളയം പ്രദീപിന്‍റെ പേരില്ല. അഡീഷണൽ പിഎ എന്നൊരു തസ്തികയും എംഎൽഎയ്ക്കില്ല. ഇതോടെ ഔദ്യോഗിക പദവികൾ ഇല്ലാത്ത പാളയം പ്രദീപിനെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ചതിൽ അടക്കം രമ്യാ ഹരിദാസിന് വീഴ്ച പറ്റിയെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

ENGLISH SUMMARY:

A major controversy has erupted within the Congress party in Kerala following a physical scuffle involving Chirayinkeezhu MLA Ramya Haridas and local party leaders at Chirayinkeezhu. KPCC spokesperson Adv. Vasanth Cyriac sharply criticized the MLA on Facebook, remarking that "stopping folk songs to engage in local fights is not pleasing". Youth Congress leader Rijil Makuity also indirectly mocked her, while senior leaders like KPCC Working President Sunny Joseph and K. Muraleedharan expressed strong displeasure over the public brawl bringing embarrassment to the party. Party action resulted in the suspension of local leader S. Sajad and Palayam Pradeep, whom Haridas claimed was her "additional PA". However, Assembly Secretariat records revealed that Pradeep is not part of her official staff, leading the party leadership to note serious lapses on the MLA's part for involving unauthorized personnel in official and party functions.