mv-govindan-press-meet

തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗം പാർട്ടി നിലപാട് വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനം തെറ്റിദ്ധരിക്കപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചതെന്നും തോമസ് ഐസക്കിന്‍റെ പ്രസംഗത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

കാവിവൽക്കരണത്തിനെതിരെയും സർവകലാശാലകളിൽ പൂർണമായി വന്ദേമാതരം ആലപിച്ചതിനെതിരെയും പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മൃഗീയമായി മർദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാരും ഗവർണറും ചേർന്ന് സർവകലാശാലകളെ ആർഎസ്എസിന് കാഴ്ചവയ്ക്കുകയാണ്. 

സെക്രട്ടറിയേറ്റ് മാർച്ചിന് നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ ഉൾപ്പെടെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണുണ്ടായത്. വിദ്യാർഥികളുടെ വീടുകളിൽ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനുള്ള അവകാശം ഇല്ലാതാക്കുന്ന കരാറിലാണ് സർക്കാരും ഗവർണറും എത്തിച്ചേർന്നിരിക്കുന്നത്. യുജിസി ചട്ടങ്ങൾ മറപിടിച്ച് സർവകലാശാലകളെ കേന്ദ്രത്തിന്റെ പരിധിയിലാക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കാണ് സർക്കാരുകൾ വഴങ്ങുന്നത്. 

കഴിഞ്ഞ പത്തു വർഷം കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ മുൻ എൽഡിഎഫ് സർക്കാർ നടത്തിയ നിയമപോരാട്ടങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന നിലപാടാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർത്ത് അവയെ കേവലം സർക്കാർ വകുപ്പുകളാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്.

വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുക എന്ന മുൻകാല ധാരണകൾ കാറ്റിൽപ്പറത്തി പൂർണമായി ആലപിച്ചതിനെ ചോദ്യം ചെയ്ത വിദ്യാർഥികളെ തല്ലിയൊതുക്കാമെന്നാണ് സർക്കാരുകൾ കരുതുന്നതെങ്കിൽ അത് കേവല വ്യാമോഹം മാത്രമായിരിക്കും. ജന്തർ മന്ദിർ സമരത്തിലെപ്പോലെ പെൺകുട്ടികളുടെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുന്ന ക്രൂരതയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് പൊലീസ് മർദനവും ഭീകരാന്തരീക്ഷവും അഴിച്ചുവിട്ടിരിക്കുന്നത്. 

ENGLISH SUMMARY:

CPM State Secretary M.V. Govindan strongly condemned the police action against SFI activists who were protesting the alleged saffronisation of universities and the full recitation of Vande Mataram. Addressing a press conference in Thiruvananthapuram, he accused the UDF government and the Governor of surrendering state universities to the RSS and UGC agendas. He stated that the police selectively attacked student leaders, entered their homes to create terror, and filed false cases in a manner reminiscent of the Emergency era. Additionally, Govindan clarified the party's stance on recent election defeat comments, maintaining that former CM Pinarayi Vijayan accurately highlighted how the public was misled.