Untitled design - 1
  • നബിദിന ഘോഷയാത്ര നടത്തുന്നയാളുകളാണ് അതില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുക. ഏതുപോലെ? ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലെ'

സ്ത്രീ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരെ കൂട്ടമായി ആക്രമിക്കേണ്ട കാര്യമില്ലെന്ന് കെ.ടി. ജലീല്‍. കാന്തപുരത്തിന് അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും വിയോജിപ്പ് രേഖപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് അവകാശമുണ്ടെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ കയറണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ആചാരങ്ങള്‍ പോലെ നബി ദിന ഘോഷയാത്ര നടത്തുന്നവരാണ് അതില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരേണ്ടതില്ല എന്നാണെങ്കില്‍ വനിതാ ലീഗ് എന്നൊരു സംഘടനയേ ഉണ്ടാവില്ലല്ലോയെന്നും ലീഗിന് വനിതാ വിങും വനിതാ എംഎല്‍എയും ഉണ്ടാവില്ലല്ലോയെന്നും ജലീല്‍ ചോദ്യമുയര്‍ത്തി. 

 

ഇസ്​ലാമില്‍ വിവിധ ചിന്താധാരകളുണ്ടെന്നും അവര്‍ക്കെല്ലാം വിഷയത്തില്‍ ഒരേ നിലപാടാവില്ലെന്നും മതവിശ്വാസികള്‍ക്ക് കാന്തപുരം പറഞ്ഞതിനോട് യോജിക്കാനും യോജിക്കാതിരിക്കാനും അവകാശമുണ്ടെന്നും ജലീല്‍ വിശദീകരിച്ചു. അതേസമയം, സ്ത്രീ വിരുദ്ധ പ്രസ്താവന ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും ജലീല്‍ പറഞ്ഞു. 

 

ജലീലിന്റെ വാക്കുകള്‍ ഇങ്ങനെ: 'നബിദിന ഘോഷയാത്ര നടത്തുന്നയാളുകളാണ് അതില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുക. ഏതുപോലെ? ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ ആചാരങ്ങളാണെന്നും തന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അതിന് പ്രസക്തിയേ ഇല്ല. ഞാനിപ്പോള്‍ ഇതില്‍ പങ്കെടുക്കുന്ന ആളല്ല. ഇതേ സംബന്ധിച്ച് വിവാദം കോടതിയില്‍ എത്തി, കോടതി എന്തെങ്കിലും പറഞ്ഞാല്‍ നടക്കട്ടെ. അല്ലാതെ ഞാനതില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നതില്‍ പ്രസക്തിയില്ല. സ്ത്രീകള്‍ വീട്ടിലൊതുങ്ങി നില്‍ക്കണമെന്ന് അവര്‍ അവരുടെ സ്ത്രീകളോട് പറയുന്നതാണ്.  ഞാൻ വ്യക്തിപരമായിട്ട് പിന്നെ സ്ത്രീകൾ പൊതുരംഗത്തേക്ക് വേണ്ട അങ്ങനെയാണെങ്കിൽ വനിത ലീഗ് എന്ന് പറയുന്ന ഒരു സംഘടന തന്നെ ഉണ്ടാവില്ലല്ലോ.

 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന പാർട്ടിക്ക് ഒരു വനിതാ വിങ് ഉണ്ടാവുമോ ഒരു വനിതാ എംഎല്‍എ ഉണ്ടാവുമോ? മതസംഘടനാ നേതാക്കന്മാർ പറയുന്ന അഭിപ്രായത്തോട് പൊതുസമൂഹത്തിന് വിയോജിപ്പുണ്ടാവും.  ആ വിയോജിപ്പ് അവർ പ്രകടിപ്പിക്കണം. സിപിഎം സിപിഎമ്മിന്റെ അഭിപ്രായം പറഞ്ഞില്ലെങ്കിൽ സിപിഎം, സിപിഎം ആവുമോ ഇല്ലമല്ലോ? അപ്പോള്‍ കോൺഗ്രസിന്റെ ബിന്ദു അടക്കമുള്ള മന്ത്രിമാര് ആ അഭിപ്രായം പറഞ്ഞില്ലെങ്കിൽ അവരാ സംഘടനയെപ്രതിനിധീകരിക്കുന്ന ആളുകൾ ആവില്ല. അതുകൊണ്ടാണ് അവർ അവരുടെ അഭിപ്രായം പറയുന്നത്. നമ്മൾ ഇതിനെ ഒരു ജനാധിപത്യ മര്യാദ അനുസരിച്ചാണ് കാണേണ്ടത് ജനാധിപത്യ സമൂഹത്തിൽ എന്തും പറയാനുള്ള അവകാശമുണ്ട് അത് നിങ്ങൾക്കുമുണ്ട്. എനിക്കുമുണ്ട്. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഒരാളും പറയാൻ വേണ്ടി പാടില്ല. 

 

ഞാന്‍ ഒരു മതവിശ്വാസിയാണ്. മതവിശ്വാസി എന്നുള്ള നിലയിൽ എനിക്ക് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞ നിരീക്ഷണത്തോട് യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. കാരണം, എല്ലാവരും ഒരേപോലെ അല്ല. ഇപ്പോള്‍ ഇസ്​​​ലാമില്‍ തന്നെ വിവിധ ചിന്താധാരകളുണ്ട്. ഗൾഫ് നാടുകളുടെ കാര്യമെടുത്താല്‍ അവിടെ ധാരാളം കണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടല്ലോ. പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്, കുവൈത്ത് പാര്‍ലമെന്റില്‍ വരെയുണ്ട്. ഇസ്​​​​​ലാമിലെ വിവിധ ചിന്താധാരകളിലുള്ളവര്‍ ഇതിനോട് യോജിക്കണമെന്നില്ല.  അതുകൊണ്ട്, കാന്തപുരം അങ്ങനെ ഒരു പ്രസ്താവന നടത്തി എന്ന് കരുതി അദ്ദേഹത്തെ കൂട്ടമായി ആക്രമിക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അഭിപ്രായങ്ങൾ കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. അതുപോലെതന്നെ അതിനോടുള്ള വിയോജിപ്പ് മറ്റുള്ളവർക്ക് രേഖപ്പെടുത്താനുള്ള അവകാശവും ഉണ്ട്'.

 

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും പൊതുരംഗത്തിറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നുമായിരുന്നു കാന്തപുരത്തിന്‍റെ വിവാദ പ്രസ്താവന. സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കാന്തപുരം ആവര്‍ത്തിച്ചിരുന്നു. 'സ്ത്രീകള്‍ രംഗത്തിറങ്ങില്‍ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്​ലാം പര്‍ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുറാന്‍ പഠിപ്പിക്കുന്നതും അങ്ങനെയാണ്.ബുദ്ധിപരമായി ആലോചിച്ചാലും അതു തന്നെയാണ് ഏറ്റവും വലിയ സംഗതി' എന്നായിരുന്നു കാന്തപുരത്തിന്‍റെ വാക്കുകള്‍. പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ പ്രത്യക്ഷപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാന്തപുരം വിഭാഗത്തിന്‍റെ സര്‍ക്കുലര്‍ നേരത്തെ പുറത്തിറങ്ങിയത്. 

ENGLISH SUMMARY:

Former Minister and MLA K.T. Jaleel stated that Kanthapuram A.P. Aboobacker Musliyar should not be collectively attacked for his controversial remarks on women. Jaleel emphasized that while Kanthapuram has the right to express his views, others equally hold the right to disagree in a democratic society. He noted that different schools of thought exist within Islam, pointing out that women actively participate in public life and parliaments in Gulf nations, while also referencing political parties like the Muslim League having women's wings and MLAs. However, Jaleel maintained that misogynistic statements should generally be avoided by anyone