പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വരുമെന്ന് താന്‍ കരുതിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. മനോരമന്യൂസ് കോണ്‍ക്ലേവ് 2026 ല്‍ മനോരമന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ വന്നത് നന്നായിയെന്നും പത്ത് വര്‍ഷം മുഖ്യമന്ത്രിയായിരുന്നയാള്‍ പ്രതിപക്ഷ നേതാവായി വന്നപ്പോള്‍ ഗൗരവമുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read: കുറച്ചുകാലമായി കേരള മോഡൽ നിശ്ചലം; ആറു മാസത്തിനകം റിസൾട്ട് കാണാം: മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവില്‍ നിന്നും മുഖ്യമന്ത്രിയിലെത്തിയപ്പോഴും അഗ്രസീവാകുന്നതിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും ഓരോരുത്തരുടെ ശരീരഭാഷ വേറെയാണെന്നും മറ്റൊരാളെയും അനുകരിക്കാന്‍ പറ്റില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെയും പിണറായിയെയും അനുകരിച്ചാല്‍ അത് ശരിയാവില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ രീതികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്ന് ദേഷ്യം വരികയും സങ്കടം വന്നാല്‍ കരയുകയും ചെയ്യുന്ന സാധാരണക്കാരനാണ് താനെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.
അതേസമയം, താന്‍ അടിക്കടി നിലപാട് മാറ്റുന്നുവെന്നത് സിപിഎമ്മിന്‍റെ പ്രചാരണമാണെന്നും അത് വാസ്തവമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏത് കാര്യത്തിലാണ് നിലപാട് മാറ്റിയത്? പിഎം ശ്രീയില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാരാണ്. പിന്നെ ലോഗോ വയ്ക്കമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം കൊണ്ട് ജനങ്ങള്‍ക്ക് കിട്ടാനുള്ള പണം നഷ്ടമാക്കുന്നത് ശരിയല്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
'പ്രധാനമന്ത്രി ആവാസ് യോജന നടപ്പിലാക്കുമ്പോള്‍ ലോഗോ വയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പറ്റില്ലെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞു. ഞങ്ങള്‍ അത് പരിശോധിച്ചു. ഒന്നരലക്ഷം രൂപ കിട്ടും. എംബ്ലം വയ്ക്കുമെന്ന കാരണം കൊണ്ട് മാത്രം അത് നിഷേധിക്കേണ്ടതില്ലെന്ന് ചര്‍ച്ച ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി. കേന്ദ്രം തരുന്നത് ഔദാര്യമല്ല. ഇപ്പോ അത് നിഷേധിച്ചാല്‍ 400 കോടി പോകുമെങ്കില്‍ അടുത്ത തവണ 1000 കോടി പോകും. അത് വേണ്ടെന്ന് വയ്ക്കുന്നതാണോ ശരി? അത് വാചാടോപമാണ്'- മുഖ്യമന്ത്രി പറഞ്ഞു.