Untitled design - 1

പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ നിലപാട് പദവിയ്ക്ക് നിരക്കാത്തതും രാഷ്ട്രീയ പക്വതയ്ക്ക് ചേരാത്തതുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ​പ്രതിപക്ഷ ഉപനേതാവ് സി.പി.ഐയ്ക്കു നൽകില്ലെന്ന് ഇന്ന് തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയൻ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറഞ്ഞ പിണറായി ആ സ്ഥാനം സി.പി.എമ്മിന് തന്നെയെന്നും പറഞ്ഞു. 

ഇക്കാര്യത്തില്‍ താനാണ് കത്ത് കൊടുക്കേണ്ടത്. സി.പി.എം നേതാവിന്റെ പേരാകും കത്തിലെന്നും പിണറായി വ്യക്തമാക്കി. 

 

മുന്നണിയിൽ എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥ മാറിയേ പറ്റൂവെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്കു ലഭിച്ചേ തീരൂവെന്നും നിലപാടിലാണ് നേരത്തെ മുതല്‍ സിപിഐ . വിഷയത്തിൽ കേന്ദ്ര നേതൃത്വം വരെ ഇടപെട്ടിട്ടുണ്ട്. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറിപ്പോകാൻ ആർക്കും കഴിയില്ലെന്നു ബിനോയ് പറഞ്ഞു. മാറേണ്ടിവന്നാൽ എല്ലാ കീഴ്‌വഴക്കവും മാറണം. കീഴ്‌വഴക്കമല്ല, രാഷ്ട്രീയവും മുന്നണിയുമാണു വലുത്. എൽഡിഎഫ് എൽഡിഎഫായി പോകണം. ഉപനേതാവ് സ്ഥാനം സിപിഐയ്ക്കു ലഭിച്ചേ തീരൂ എന്നു പറയുന്നത് എൽഡിഎഫിനെ ദുർബലമാക്കാനല്ല, ശക്തമാക്കാനാണ്.

 

കാറും സ്റ്റാഫുമല്ല പ്രശ്നം. ഉപനേതാവ് പദവിക്കു വലിയ വലുപ്പമില്ലെന്നുമറിയാം. മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്നുവച്ച പാർട്ടിയാണു സിപിഐ. ഇടതുപക്ഷ മുന്നണി ജനാധിപത്യപരമാകണം എന്ന ബോധ്യം വേണം. പരസ്യമായി പുറത്ത് ആവശ്യപ്പെട്ട് സിപിഐ എന്തോ അപരാധം ചെയ്തു എന്ന പ്രചാരണം ശരിയല്ല. സ്നേഹത്തോടെ മാന്യമായി നേരിട്ടാണ് ആദ്യമെല്ലാം ആവശ്യപ്പെട്ടത്. എന്ത്, എപ്പോൾ പറയണമെന്ന ബോധ്യം സിപിഐക്കുണ്ടെന്നും ബിനോയ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു

ENGLISH SUMMARY:

Pinarayi Vijayan's stance on the Opposition Deputy Leader position is inappropriate and lacks political maturity, according to CPI State Secretary Binoy Viswam. The CPI insists on receiving the Opposition Deputy Leader post to strengthen the LDF, not weaken it, emphasizing coalition interests over established norms.