riyas-muhammad-mla
  • തന്‍റെ സുഹൃത്തുക്കള്‍ മാന്യമായി ബിസിനസ് ചെയ്യുന്നവരാണെന്നും ഇഡിയുടേത് പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണെന്നും മുഹമ്മദ് റിയാസ്

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി ഒന്നും കിട്ടിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് എംഎല്‍എ. കഴിഞ്ഞ ദിവസമാണ് റിയാസിന്റെ അനുയായികളുടെ വീട്ടില്‍ ഇഡി പരിശോധന നടത്തിയത്. തന്‍റെ സുഹൃത്തുക്കള്‍ മാന്യമായി ബിസിനസ് ചെയ്യുന്നവരാണെന്നും ഇഡിയുടേത് പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു. 

'പ്രിന്‍റിങ് മെഷീന്‍ കൊണ്ടുപോയപ്പോള്‍ നോട്ട് പിടിച്ചെടുത്തു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ടി. വീണ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും അവരെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേട്ടയാടുകയാണെ'ന്നും റിയാസ് കുറ്റപ്പെടുത്തി. 'ടി. വീണയ്ക്ക് കരാര്‍ അടിസ്ഥാനത്തിലൂടെ നല്‍കിയ സേവനത്തിനാണ് പണം ലഭിച്ചത്. രാഷ്ട്രീയ നേതാവിന്‍റെ മകളും ഭാര്യയുമായതുകൊണ്ട് ഒരു ബിസിനസും നടത്തരുത് എന്ന് പറയുന്നത് ശരിയാവുമോ? ഭര്‍ത്താവ് എന്ന നിലയില്‍ ബിസിനസ് ചെയ്യണമെന്നു താനാണ് പറയുന്നത്. ഏത് അന്വേഷണവും നടക്കട്ടെ, ഭയപ്പെട്ട് ഓടാന്‍ തീരുമാനിച്ചിട്ടില്ലെ'ന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 'ഇ‍ഡി ചോദ്യം ചെയ്തവര്‍ സുഹൃത്തുക്കളാണ്, അവരുമായി നല്ല ബന്ധമാണ്. ലേക്കര്‍ ഇന്ത്യ ഒളിച്ച് വെച്ച സ്ഥാപനം അല്ല, അതു പരിശോധിക്കാം. ഇഡിയെ ഭയന്ന് കൈപ്പത്തിയില്‍നിന്നും ബിജെപി എംഎല്‍എ ആയവരുണ്ട്'. തല അറുക്കുന്നതുവരെ പോരാടുമെന്ന് പറഞ്ഞ മുഹമ്മദ് റിയാസ്, ഇഡി ബിജെപിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചിട്ടുണ്ടോ എന്നും ചോദ്യമുയര്‍ത്തി.

അതിനിടെ, മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തുവന്നു, സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇഡിയുടെ ഭാഗത്തുനിന്നുമുണ്ടായത് പാര്‍ട്ടിക്കുനേരെയുള്ള കടന്നാക്രമണമായി കണ്ടു നേരിടുമെന്നും അദ്ദഹം വ്യക്തമാക്കി. 

മുഹമ്മദ് റിയാസിന്റെ ഭാര്യയായ ടി.വീണയുടെ പാട്നര്‍ഷിപ് സ്ഥാപനമായ ലേക്കര്‍ ഇന്ത്യ കോര്‍പുമായി ബന്ധമുള്ള കമ്പനികളില്‍ കഴിഞ്ഞ ദിവസമാണ് ഇഡി റെയ്ഡ് നടത്തിയത്. കെസികെ ഡന്റല്‍ ആന്‍റ് സര്‍ജിക്കല്‍സ് കമ്പനിയുടമ ഷൈജലിന്റെ വീട്ടിലും ഇയാളുടെ അടുത്ത ബന്ധുവിന്റെ പങ്കാളിത്തമുള്ള ക്യാപിറ്റോള്‍ മാര്‍ബിള്‍സിലും ഇഡി പരിശോധന നടത്തി. ഇവിടെയും വീണയ്ക്ക് നിക്ഷേപമുണ്ടെന്നാണ് സംശയം. ഇതിന് പുറമെ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ ഫെബീഷ്, കെ.വാരിസ്, നന്ദുലാല്‍ എന്നിവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ടി. വീണയുടെ ഭര്‍ത്താവും എംഎല്‍എയുമായ മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്തേക്കുമെന്ന് കഴിഞ്ഞ ദിവസം ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Following ED raids in connection with the CMRl-Exalogic deal, MLA Muhammad Riyas stated that nothing illegal was found, suggesting the raids are a smokescreen. He defended his wife T Veena's business dealings and vowed to fight any investigation.