File image
പിഎം ശ്രീ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്ക് ചാലിലാണെന്നും അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും തന്റെ വകുപ്പായിരുന്നെങ്കില്‍ പിഎം ശ്രീ തടഞ്ഞേനെയെന്നും കെ എം ഷാജി പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരില്‍ യൂത്ത് ലീഗ് നടത്തിയ ഫ്രീഡം ടോക്ക് പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ പിഎം ശ്രീ കരാർ അറബിക്കടലിൽ കളയുമെന്ന മുൻ പ്രസ്താവനയിൽ മന്ത്രി മലക്കംമറിഞ്ഞത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കരാർരേഖ അറബിക്കടലിൽ കൊണ്ടുപോയി കളയാൻ സർക്കാരിനു പറ്റുമോ എന്നായിരുന്നു പഴയ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ നേരത്തെ ഷാജിയുടെ പ്രതികരണം.
‘മുൻ പ്രസംഗത്തിൽ പറഞ്ഞ ഒരുകാര്യം രാഷ്ട്രീയമായി കൊണ്ടുവരാൻ പറ്റുമോ? സർക്കാർ ആശുപത്രികൾക്കു മുന്നിൽ കേന്ദ്രസർക്കാരിന്റെ പേരും പടവും വച്ചിട്ടില്ലെങ്കിൽ പണം കൊടുക്കില്ലെന്നു കേന്ദ്രം പറഞ്ഞപ്പോൾ ആദ്യം എതിർത്ത കഴിഞ്ഞ എൽഡിഎഫ് സർക്കാർ പിന്നീട് എല്ലാ ആശുപത്രികളിലും അതുചെയ്തു പണവും വാങ്ങി. അതിനെ ആക്ഷേപിക്കാൻ യുഡിഎഫ് വന്നിട്ടില്ല. ഭരിക്കുന്ന ആളുകൾ പലപേരിൽ സ്കീമുകൾ ഉണ്ടാക്കും.
കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്ദിര വികാസ് യോജന അടക്കമുള്ള സ്കീമുകൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, പിഎം ശ്രീ വ്യത്യസ്തമാണ്. അതിനാൽ രണ്ടിനെയും രണ്ടായിട്ടാണു കാണുന്നത്. സംസ്ഥാനം ഒപ്പിടുന്ന ഒരു കരാറിൽനിന്ന് നമ്മുടെ വൈരാഗ്യബുദ്ധി വച്ച് ഇറങ്ങിപ്പോരാൻ കഴിയില്ല. തീരുമാനമെടുക്കാൻ സമയം വേണ്ടിവരും. കേരളത്തിന്റെ സംസ്കാരത്തിനനുസരിച്ചുള്ള ഒരു പാഠ്യപദ്ധതിയുണ്ട്. അതിനനുസൃതമായി വരുന്നതിനെ മാത്രമേ അംഗീകരിക്കൂ’– മന്ത്രി പറഞ്ഞു.