എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ച വിഷയത്തില്‍ വീഴ്ച്ച പറ്റിയെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. എ.ഐ.സി.സിയിൽ സംഭവിച്ചത് ഗുരുതരമായ സംഘാടന പിഴവാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

''ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നു. അത് പാടുമ്പോൾ നേതാക്കന്മാരുടെ അസ്വസ്ഥമായ ഇടപെടലിൽ നിന്ന് പാർട്ടിയുടെ വന്ദേമാതരം സംബന്ധിച്ച നിലപാട് എന്താണെന്നുള്ളത് പ്രകടമാണ്. സംഘാടനത്തിൽ വന്ന വീഴ്ച്ച അക്ഷന്തവ്യമാണ്. അത് വിശദീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. '' – രാജു പി നായര്‍ കുറിച്ചു. 

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതില്‍  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും അതൃപ്തി പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആദ്യരണ്ട് ചരണങ്ങള്‍ കഴിഞ്ഞ് നിര്‍ത്താന്‍ ഇരുവരും ആവശ്യപ്പെട്ടിട്ടും ആലാപനം തുടരുകയായിരുന്നു. 

ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കുക എന്നതാണ് കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്. എന്നാൽ ഇത് ശ്രദ്ധിക്കാതെ പൂർണ്ണരൂപത്തിൽ ആലപിച്ചതിൽ നേതാക്കൾ അതൃപ്തിയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആലാപനം നിർത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ഗായകര്‍ പൂർണ്ണമായി തന്നെ പാടുകയായിരുന്നു.

അതേസമയം, ചെങ്കോട്ടയിൽ നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ തുടർച്ചയായ രണ്ടാം വർഷവും വിട്ടുനിന്നു. രണ്ടായിരത്തി ഇരുപത്തി നാലിൽ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം നാലാം നിരയിൽ പിന്‍നിരയിലാക്കിയത് വലിയ വിവാദമായിരുന്നു

ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ അപമാനിച്ചതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് വിട്ടുനിന്നത്. തുടർന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കുകയും പതാക ഉയർത്തുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മുതിർന്ന നേതാക്കൾ എല്ലാവരും പങ്കെടുത്തു.

ENGLISH SUMMARY:

Congress Vande Mataram controversy erupted at the AICC headquarters during Independence Day celebrations. Congress leader Raju P Nair admitted to a significant organizational lapse and apologized to the nation for the incident.