തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്‍പത് പ്രതികൾക്ക് ജാമ്യം. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും, പ്രതികൾ 67 ദിവസമായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിനെ വിമർശിച്ചുകൊണ്ടാണ്ട് ഒന്‍പത് പ്രതികൾക്ക് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ പ്രതികള്‍ 67 ദിവസമായി ജയിലിലാണ്. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യമാണ്. പ്രതികള്‍ ഇത്രയും ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. പിന്നെ എന്തിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നും ഹൈക്കോടതി ചോദിച്ചു. ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ വധശ്രമക്കുറ്റം നിലനിൽക്കും എന്നാണ് ഇ.ഡി വാദിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. കേസിൽ തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയായെന്നും, ഇനി കസ്റ്റഡിയിൽ തുടരേണ്ടതില്ല എന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമം പാലിച്ചല്ല അറസ്റ്റ് എന്നും കൊലപാതക ശ്രമത്തിനുള്ള വകുപ്പ് ചുമത്തിയത് അനാവശ്യമാണെന്നും പ്രതികൾ വാദിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണെന്നും ഉദ്യോഗസ്ഥർ കൊല്ലപ്പെടും എന്ന ബോധ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നുമാണ് ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി അറിയിച്ചത്.