സംസ്ഥാനത്ത് മഴക്കെടുതി സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പത്തനംതിട്ട അടക്കമുള്ള ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 11,018 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒരു ക്യാംപിലും യാതൊരുവിധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്കായി 2 ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട് കൂടാതെ കൂടുതൽ NDRF ടീമുകളുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 15 പേരുടെ കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര സഹായം നൽകും. വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ ധനസഹായം ലഭിക്കും. കൃഷിനാശം സംഭവിച്ച കർഷകർക്കായി നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ആകെ 165 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇത് 3,596 കർഷകരെ ബാധിച്ചിട്ടുണ്ട്.
രാത്രിയിൽ പെയ്ത അതിതീവ്ര മഴയാണ് അപ്രതീക്ഷിതമായ മിന്നൽ പ്രളയത്തിന് കാരണമായത്. മിന്നൽ പ്രളയത്തിന്റെ പ്രത്യേകത മൂലം ആളുകളെ ഒഴിപ്പിക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ല. ഐ.എം.ഡി-ക്ക് പോലും കൃത്യമായ മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു. ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴെയാണുള്ളത്. ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ തികച്ചും വ്യാജമാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മൂഴിയാർ അണക്കെട്ടിൽ മാത്രമാണ് സ്ഥിതിഗതികൾ കുറച്ചുകൂടി വ്യത്യസ്തമായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിലും സർക്കാരിനെതിരെ ഉയരുന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ശക്തമായ മറുപടി നൽകി. പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കിയിരുന്നു. ബാക്കി കാര്യങ്ങളുടെ മേൽനോട്ടത്തിനായി റവന്യൂ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയായി, താൻ ഹെലികോപ്റ്ററിൽ പോയത് ഇൻവെസ്റ്റ്‌മെന്റ് മീറ്റിനാണെന്നും അതിനായി സർക്കാരിന് ഒരു രൂപ പോലും അധിക ചെലവ് വന്നിട്ടില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയിട്ടുണ്ടെന്നും, തന്നെക്കൊണ്ട് ആ പഴയ ചരിത്രമൊന്നും പറയിപ്പിക്കരുതെന്നും വി.ഡി.സതീശന്‍ മുന്നറിയിപ്പ് നൽകി.