അവിശ്വാസത്തിലൂടെ യുഡിഎഫിന്‍റെ നഗരസഭാധ്യക്ഷയെ പുറത്താക്കിയ കോട്ടയം പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്. വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാര്‍ നേതൃത്വം നല്‍കുന്ന ഭരണ സമിതിക്ക് കേരള കോൺഗ്രസ് എം പിന്തുണ നൽകും. സ്വതന്ത്ര അംഗം മായാ രാഹുല്‍ നഗരസഭ അധ്യക്ഷയാകും.
ദിയ ബിനുവിനെ നഗരസഭാധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫിനൊപ്പം കൂട്ടുകൂടിയ നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും, സ്വതന്ത്ര അംഗം മാലാ രാഹുലുമാണ് ഇനി പാലാ നഗരസഭാ ഭരണം നിയന്ത്രിക്കുക. മായാ രാഹുലിനെ നഗരസഭാധ്യക്ഷയാക്കും. കേരള കോണ്‍ഗ്രസ് എം അധികാര സ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ പിന്തുണയ്ക്കും. വിപ്പ് ലംഘിച്ച് എൽഡിഎഫിന്‍റെ അവിശ്വാസത്തെ പിന്തുണച്ചവരെ കൈവിടില്ലെന്നും അവരുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ടില്ലെന്നും കേരള കോൺഗ്രസ് എം നേതാവ് ബിജു പാലുപ്പടവിൽ മനോരമ ന്യൂസിനോട് പറഞ്ഞു.
ഞങ്ങൾ എടുത്ത നിലപാടില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവർ ഞങ്ങളോട് സഹകരിക്കുകയാണ് ചെയ്തത്. സ്വാഭാവികമായി അവരുമായി യോജിച്ചു പോകുന്നതിൽ ബുദ്ധിമുട്ടില്ല. കോൺഗ്രസ് ഭരണം എന്നോ എൽഡിഎഫ് ഭരണമെന്നോ അർഥമില്ല. വരും ദിവസങ്ങളിൽ അങ്ങനെ ഒരു നിലപാട് ആയിരിക്കുമെന്നും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ബിജു പാലൂപ്പടവില്‍ പറഞ്ഞു.
വിപ്പ് ലംഘിച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പുറത്താക്കിയെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് അറിയിച്ചു. എന്നാല്‍ നിയമ നടപടിയിലേക്ക് പോയാല്‍ മാത്രമേ അയോഗ്യരാവുകയുളളു. പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ അധികാരമുണ്ടെന്നും പാലായില്‍ കോണ്‍ഗ്രസ് ഭരണം ഉണ്ടാകുമെന്നുമാണ് വിപ്പ് ലംഘിച്ച കൗണ്‍സിലര്‍മാരുടെ പ്രതികരണം.
ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്രമുന്നണിയെ അധികാരത്തില്‍ നിന്നൊഴിവാക്കാനുളള നീക്കം വിജയിച്ചതോടെ കോണ്‍ഗ്രസ് വിമതരും പ്രതിപക്ഷത്തുമുളളവരും ഇപ്പോള്‍ പാലായില്‍ ഒരേ രാഷ്ട്രീയ പാതയിലാണ്.