വി.എസ്. അച്യുതാനന്ദൻ

  • വി.എസ്. ഉണ്ടായിരുന്നെങ്കിൽ എന്ന് രാഷ്ട്രീയ കേരളം പലതവണ ആശിച്ചുപോയ ഒരു വർഷം കൂടിയാണിത്. ആ മനുഷ്യൻ സൃഷ്ടിച്ച ശൂന്യതയുടെ ആഴം കമ്മ്യൂണിസ്റ്റുകാർക്കപ്പുറം കേരളത്തിലെ മുഴുവൻ ജനങ്ങളും

ജീവിതം മുഴുവൻ വിട്ടുവീഴ്ചകളില്ലാത്ത പോരാട്ടമാക്കി മാറ്റിയ സഖാവ് വി.എസ്. അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ആ ജനനായകന്റെ ഒന്നാം ചരമവാർഷികം സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളമെമ്പാടും ആചരിക്കുകയാണ്. വി.എസ്. ഉണ്ടായിരുന്നെങ്കിൽ എന്ന് രാഷ്ട്രീയ കേരളം പലതവണ ആശിച്ചുപോയ ഒരു വർഷം കൂടിയാണിത്. ആ മനുഷ്യൻ സൃഷ്ടിച്ച ശൂന്യതയുടെ ആഴം കമ്മ്യൂണിസ്റ്റുകാർക്കപ്പുറം കേരളത്തിലെ മുഴുവൻ ജനങ്ങളും ഇന്ന് അനുഭവിച്ചറിയുന്നുണ്ട്.

 

തിരിച്ചടികൾക്കു നടുവിലാണ് വി.എസിന്റെ ഓർമകൾക്ക് പാർട്ടി ഒരു വയസ്സു തികയ്ക്കുന്നത്. സാധാരണ ജനങ്ങളുമായുള്ള ബന്ധം ദുർബലപ്പെട്ടതാണ് സമീപകാല തിരഞ്ഞെടുപ്പുകളിൽ ഏറ്റ പരാജയത്തിന് കാര്യമെന്ന് പാർട്ടി വിലയിരുത്തുമ്പോൾ, ജനഹൃദയങ്ങളിൽ എക്കാലവും ഒപ്പം നിന്നിരുന്ന വി.എസിന്റെ മാതൃകയാണ് സി.പി.എമ്മിന് ഏറ്റവും വലിയ ഊർജമാകുന്നത്. നയവ്യതിയാനങ്ങളോടും അഴിമതികളോടും ജീവിതത്തിലുടനീളം വിട്ടുവീഴ്ച ചെയ്യാത്ത ഉരുക്കു മനുഷ്യനായിരുന്നു അദ്ദേഹം.

 

ഓർമകൾക്കപ്പുറം വി.എസ്. ഒപ്പമുണ്ടെന്ന ചിന്തയാണ് കുടുംബത്തിനും അനുയായികൾക്കും ആശ്വാസം നൽകുന്നത്. മതികെട്ടാനിലും മൂന്നാറിലും കയ്യേറ്റങ്ങൾക്കെതിരെ പൊരുതിയപ്പോഴും, വേമ്പനാട്ടുകായൽ ദ്വീപുകളിലും കുട്ടനാടൻ പാടവരമ്പുകളിലൂടെയും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ കഷ്ടപ്പെട്ടപ്പോഴും വിവാദങ്ങൾ അദ്ദേഹത്തിന്റെ നിഴലായി കൂടെയുണ്ടായിരുന്നു. എതിരാളികൾ 'വെട്ടിനിരത്തലുകാരൻ' എന്നും 'വികസനവിരോധി' എന്നും പലതവണ വിശേഷിപ്പിച്ചെങ്കിലും, ഒരിക്കലും പിന്തിരിയാനോ തോറ്റുമടങ്ങാനോ ആ പോരാളി തയ്യാറായില്ല.

 

പുന്നപ്ര-വയലാർ സമരസേനാനികളിലെ അവസാന കണ്ണിയെന്ന ചരിത്രവോഗത്തോടൊപ്പം, സമരമുഖങ്ങളിൽ നിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഒരേയൊരു നേതാവെന്ന സമാനതകളില്ലാത്ത റെക്കോർഡും വി.എസിനുണ്ട്. ആലപ്പുഴ വലിയ ചുടുകാട്ടിൽ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലത്ത് നിർമിച്ച സ്മാരകം, ഒരു വ്യക്തിയുടെ ഓർക്കായി അവിടെ ഉയരുന്ന ആദ്യ അനുസ്മരണ മണ്ഡപമാണ്. ഒരു വർഷം മുൻപ് ഹൃദയഭാരത്തോടെ ആയിരങ്ങൾ ആർത്തുവിളിച്ച ആ മുദ്രാവാക്യങ്ങളുടെ അലയൊലി വിഎസിനെ സ്നേഹിക്കുന്നവരുടെ മനസുകളിൽ ഇന്നും മുഴങ്ങിക്കേൾക്കുന്നുണ്ട്.

 

വി.എസിനെപ്പോലെ ഒരാളില്ലാത്തതിന്റെ ശൂന്യത കേരളത്തിലെ ഇടതുപക്ഷ മനസ്സിനെ വേട്ടയാടുന്നുണ്ടെങ്കിലും, പ്രതിസന്ധികളെ തരണം ചെയ്യാൻ ആ ഓർമകൾ തന്നെയാകും പാർട്ടിയുടെ ഏറ്റവും വലിയ ഇന്ധനം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

 

ENGLISH SUMMARY:

It has been one year since Comrade V.S. Achuthanandan, who turned his entire life into a relentless struggle without compromise, passed away. The CPM is observing the first death anniversary of the veteran leader, who left an indelible mark on Kerala's political history, with memorial programmes across the state. This has also been a year when Kerala's political landscape repeatedly wished for the presence of V.S. Had he been alive, many believe the political scenario could have been different. The depth of the void created by the veteran leader is being felt today not just by communists, but by people across Kerala.